പെരുവ റോഡിലെ കെ.എസ്. പുരത്തെ കൊടും വളവ്
കടുത്തുരുത്തി: കടുത്തുരുത്തി-പെരുവ റോഡില്‍ കെ.എസ്. പുരത്തെ കൊടും വളവുകള്‍ നിവര്‍ത്താന്‍ നടപടികളാകുന്നു. ഇവിടുത്തെ അപകടവളവുകള്‍ നിവര്‍ത്തുന്നതിന്റെ ഭാഗമായി മന്ത്രി മോന്‍സ് ജോസഫ് ഇന്നലെ ഈ ഭാഗത്ത് സന്ദര്‍ശനം നടത്തി. കടുത്തുരുത്തി സെന്റ് ജോസഫ് താഴത്തുപള്ളിയുടെ കുരിശുപള്ളിയുടെ മുന്നിലെയും സമീപത്തെയും രണ്ട് കൊടും വളവുകളാണ് നിവരുക. സ്ഥലം സന്ദര്‍ശിച്ച മന്ത്രി വളവ് നിവര്‍ത്തുന്നതിനായി സ്ഥലം നല്‍കേണ്ട ഭൂവുടമയുമായി സംസാരിച്ചു.
താഴത്തുപള്ളി വികാരി ഫാ. ജോണ്‍ പാളിത്തോട്ടവും പിഡബ്ല്യുഡി ഉദ്യോഗസ്ഥരും നാട്ടുകാരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. വളവുകള്‍ നിവര്ത്തുന്നതിനാവശ്യമായി വരുന്ന സ്ഥലം അളന്ന് തിട്ടപ്പെടുത്തി മന്ത്രിയുടെയും ഭൂവുടമയുടെയും സാന്നിധ്യത്തില്‍ കുറ്റികള്‍ സ്ഥാപിച്ചു. ചാപ്പലിന്റെ സമീപത്ത് വരുന്ന വളവില്‍ ആരംഭ ഭാഗത്ത് ഒരു മീറ്ററും തുടര്‍ന്ന് വരുന്ന ഭാഗങ്ങളിൽ രണ്ട് മീറ്ററും കൊടും വളവ് വരുന്ന മധ്യഭാഗത്ത് മൂന്ന് മീറ്റര്‍ ദൂരത്തിലുമാണ് വളവ് നിവര്‍ത്തുന്നതിനായി ഭൂമി വേണ്ടി വരുന്നത്.
മറുഭാഗത്തെ വളവിന്റെ ആരംഭ ഭാഗത്ത് ഒരു മീറ്ററും മധ്യഭാഗത്ത് രണ്ട് മീറ്ററും സ്ഥലം വേണ്ടി വരും. കുടുംബാംഗങ്ങളുമായി സംസാരിച്ച ശേഷം ഭൂമി വിട്ടുനല്‍കുന്ന കാര്യത്തില്‍ മറുപടി നല്‍കാമെന്നാണ് ഭൂവുടമ മന്ത്രിയെയും ഉദ്യോഗസ്ഥരെയും അറിയിച്ചത്. സ്ഥലം ഏറ്റെടുക്കുമ്പോള്‍ ഭൂവുടമയുടെ സ്ഥലത്തിന്റെ അതിര്‍ത്തിയില്‍ പിഡബ്ല്യുഡി സംരക്ഷണഭിത്തി നിര്‍മിച്ചു നല്‍കാമെന്നാണ് അറിയിച്ചിരിക്കുന്നത്.
നിലവില്‍ കടുത്തുരുത്തി-പെരുവ റോഡ് വികസനവുമായി ബന്ധപ്പെട്ട് നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളില്‍ ശേഷിക്കുന്ന തുക ഉപയോഗിച്ച് ഇത്രയും ഭാഗം സംരക്ഷണഭിത്തി നിര്‍മിക്കാന്‍ തികയാത്തതിനാല്‍ ശേഷിക്കുന്ന വര്‍ക്കുകള്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യമായ ഫണ്ട് ലഭ്യമാക്കുന്നതിനായി പുതിയ എസ്റ്റിമേറ്റ് തയാറാക്കി അടിയന്തരമായി പ്രൊപ്പോസല്‍ സമര്‍പ്പിക്കാനും മന്ത്രി മോന്‍സ് ജോസഫ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
നിര്‍മാണം ആരംഭിക്കുമ്പോള്‍ ഏതെങ്കിലും ഒരു വശത്തുനിന്ന് പണികള്‍ ആരംഭിക്കണമെന്നും ഭൂവുടമ ആവശ്യമുന്നയിച്ചിട്ടുണ്ട്. കടുത്തുരുത്തി-പെരുവ റോഡ് വീതികൂട്ടി വളവുകള്‍ നിവര്‍ത്താനുള്ള തീരുമാനം എടുത്തുള്ള റോഡ് വികസനപദ്ധതി ഈ വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. കടുത്തുരുത്തി മാര്‍ക്കറ്റ് ജംഗ്ഷനില്‍ നിന്ന് ആരംഭിക്കുന്ന റോഡിന് പല ഭാഗത്തും വേണ്ടത്ര വീതിയില്ല. കൂടാതെ റോഡ് അപകടാവസ്ഥയിലുള്ള നിരവധി വളവുകളുമുണ്ട്. റോഡ് വീതി കൂട്ടുന്നതിനും വളവുകള്‍ നിവര്‍ത്തുന്നതിനും മുമ്പ് പലതവണ തീരുമാനമെടുത്തിട്ടുണ്ടെങ്കിലും നടപ്പാക്കാന്‍ കഴിഞ്ഞിരുന്നില്ല.
ബസുകള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ കടുത്തുരുത്തിയില്‍ നിന്നും പെരുവ റോഡിലേക്ക് പ്രവേശിക്കുന്നതും തിരിച്ചും ബുദ്ധിമുട്ടിയാണ്. കെ.എസ്. പുരത്തെ വളവുകള്‍ നിവര്ത്തുന്നതിനൊപ്പം സമീപത്തായി പുതുതായി വെട്ടിയുണ്ടാക്കിയ വഴി ബൈപാസായി ഒരുക്കിയെടുക്കുന്നതിനും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനായി പൂര്‍ത്തിയാക്കേണ്ട കാര്യങ്ങള്‍ പഠിച്ച് പ്രൊപ്പോസല്‍ തയാറാക്കി നല്‍കാനും മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. പിഡബ്യൂഡി എഎക്സ്ഇ നിത, എഇ രേഷ്മ ജോഷി, ബേബിച്ചന് നിലപ്പന, ഔസേപ്പച്ചന് കൈതമറ്റം, സെബാന് കോച്ചേരി, ജോണ്‍ കെ.ആന്റണി, ജോണി ഒറവുങ്കര, ജോസ് ഓലപ്പുര തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
Tags : Nattuvishesham LocalNews Road