മഞ്ചേരി: ഭരണസമിതി അംഗങ്ങൾ അറിയാതെ മൂന്ന് കോടി രൂപ ചെലവിട്ട് തൃക്കലങ്ങോട് പഞ്ചായത്ത് ഓഫീസിന് പുതിയ കെട്ടിടം നിർമിക്കുന്നതിനായി പ്രസിഡന്റ് രഹസ്യമായി ടെൻഡർ ക്ഷണിച്ചതായി ആരോപണം.
മുന്നണിയിലെ കോണ്ഗ്രസ്, ലീഗ് അംഗങ്ങളെപ്പോലും അറിയിക്കാതെ പ്രസിഡന്റ് എൻ.പി. മുഹമ്മദ് സ്വന്തം ഇഷ്ടപ്രകാരം ടെൻഡർ പരസ്യം പ്രസിദ്ധീകരിച്ചെന്നാണ് പ്രതിപക്ഷ ആരോപണം.
വൻ അഴിമതി ലക്ഷ്യമിട്ട് സ്വകാര്യ കന്പനിയുമായി പ്രസിഡന്റ് രഹസ്യ കരാറുണ്ടാക്കിയെന്നും ആക്ഷേപമുയർന്നു. പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ വിഷയം അവതരിപ്പിച്ച് അംഗീകാരം നേടിയ ശേഷമാണ് സാധാരണഗതിയിൽ വൻകിട പദ്ധതികൾക്ക് അനുമതി നൽകുന്നതും അടങ്കൽ തുക നിശ്ചയിക്കുന്നതും.
എന്നാൽ എല്ലാവിധ ചട്ടങ്ങളും കാറ്റിൽ പറത്തിയാണ് പ്രസിഡന്റിന്റെ ഏകപക്ഷീയ നടപടിയെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. കഴിഞ്ഞ മാസം 15ന് പകൽ രണ്ടിന് മുന്പായി ടെൻഡർ പഞ്ചായത്ത് ഓഫീസിൽ ലഭിക്കണമെന്നും വൈകീട്ട് നാലിന് തുറക്കുമെന്നുമായിരുന്നു പരസ്യത്തിൽ വ്യക്തമാക്കിയിരുന്നത്. ബോർഡിന്റെ അനുമതിയില്ലാതെ ദുരൂഹമായി നടത്തിയ ഈ അനധികൃത ടെൻഡർ നടപടി ഉടനടി റദ്ദാക്കണമെന്നാണ് ആവശ്യം.
ആരോപണം വാസ്തവവിരുദ്ധം: പഞ്ചായത്ത് പ്രസിഡന്റ്
മഞ്ചേരി: തൃക്കലങ്ങോട് പഞ്ചായത്തിന് കെട്ടിടം നിർമിക്കുന്നതിനായുള്ള പദ്ധതിക്ക് എല്ലാ നടപടികളും പൂർത്തീകരിച്ചാണ് ടെൻഡർ ക്ഷണിച്ചതെന്ന് പ്രസിഡന്റ് എൻ.പി. മുഹമ്മദ്. ടെൻഡർ നടപടികൾ സ്വീകരിക്കുന്നത് നിർവഹണ ഉദ്യോഗസ്ഥരാണെന്നും ഭരണ സമിതി തീരുമാനമില്ലാതെ ഇത് അസാധ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഇംഗ്ലീഷ് പത്രങ്ങളിലും മലയാള പത്രങ്ങളിലും എൽഎസ്ജിഡി വെബ്സൈറ്റിലും ഇത് പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതാണ്. ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ച ഒരു പദ്ധതിക്ക് ടെൻഡർ ചെയ്യാൻ ഭരണസമിതിയുടെ പ്രത്യേക അനുമതി ആവശ്യമില്ലെന്നും ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
Tags : Local News Nattuvishesham Malappuram