പൂവാർ: അച്ഛനും മക്കളും ചേർന്നു യുവാവിനെ കുത്തികൊന്ന സംഭവത്തിൽ പ്രശ്നത്തിനു കാരണമായ ബൈക്ക് കത്തിച്ച നിലയിൽ കണ്ടെത്തി. പ്രതികളുടെ വീടിനു സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്താണ് ബൈക്ക് കത്തിയ നിലയിൽ കണ്ടത്.
പൾസർ ബൈക്ക് പൂർണമായും കത്തിക്കരിഞ്ഞ നിലയിലാണ്. നമ്പർ പ്ലേറ്റ് പോലും തിരിച്ചറിയാൻ കഴിയാത്ത വിധം കത്തിപ്പോയതായി പോലീസ് വ്യക്ത മാക്കി. കേസിലെ ഒന്നാംപ്രതി വിജിനും, പ്രായപൂർത്തിയാക്കാത്ത സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കാണ് കത്തി നശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കൊലപാതകത്തിനിടയാക്കിയ സംഭവത്തിനു തുടക്കമായത് ഈ ബൈക്കിന്റെ ശബ്ദമായിരുന്നു. ബൈക്ക്, പ്രായപൂർത്തിയാകാത്ത പ്രതിയുടെ സുഹൃത്തിന്റേതാണെന്നാ ണു പോലീസ് പറയുന്നത്. സംഭവത്തിൽ കാഞ്ഞിരകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കോട്ടുകാൽ കണ്ണറവിള വാറുവിളാകം വടക്കരിക്കത്ത് വീട്ടിൽ എ.പി. മനു (22)വാണു കഴിഞ്ഞ ദിവസം രാത്രി കുത്തേറ്റു മരിച്ചത്. സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതികളെ പോലീസ് പിടികൂടിയിരുന്നു. റിമാൻഡിലുള്ള പ്രതികളെ അടുത്തയാഴ്ച പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പു നടത്തും.
കണ്ണറവിള കണ്ണറകോണം അമ്പാടി ഹൗസിൽ ബിജു (43), മക്കളായ മിഥുൻ (21), വിജിൻ (18), ഇവരുടെ പ്രായപൂർത്തിയാകാത്ത സുഹൃത്ത് എന്നിവരെ കാഞ്ഞിരംകുളം പോലീസ് അറസ്റ്റുചെയ്തു റിമാൻഡ് ചെയ്തിരുന്നു. കഴി ഞ്ഞ ഞായറാഴ്ച വൈകു ന്നേരം ബൈക്ക് സ്റ്റാർട്ടാക്കാൻ ശ്രമിച്ചപ്പോഴുള്ള ശബ്ദത്തെ ചൊല്ലിയുണ്ടായ വാക്കേറ്റമാണ് ഒരുനാടിനെ നടുക്കിയ കൊലപാതകത്തിൽ കലാശിച്ചത്. ആളൊഴിഞ്ഞ പ്രദേശങ്ങൾ ധാരാളമുള്ള മേഖലയാണ് കണ്ണറവിള.അവിടങ്ങൾ കേന്ദ്രീകരിച്ച് ലഹരി വ്യാപാരം നടക്കുന്നതായും സൂചന ലഭിച്ചിട്ടുണ്ട്.
Tags : nattu vishesham bike used race was burnt