തകർന്ന ബണ്ട് റോഡ്
മാറനല്ലൂർ : കനത്ത മഴയെത്തുടർന്ന് മലവിള പാലത്തിന്റെ ബണ്ട് റോഡ് ഇടിഞ്ഞ് കനാലിൽ പതിച്ചു. രണ്ടു വർഷം മുൻപും ബണ്ട് റോഡ് തകർന്നിരുന്നു. മുൻപ് ഇടിഞ്ഞ ഭാഗത്തിന് സമീപത്ത് തന്നെയാണ് ഇപ്പോൾ മണ്ണിടിഞ്ഞത്.
ഇന്നലത്തെ കനത്ത മഴയെ തുടർന്ന് ഇവിടെ നിരവധി വൈദ്യുതി തൂണുകൾക്കും തകരാർ സംഭവിച്ചിട്ടുണ്ട്. നിലവിൽ ഇവിടെ ഇതുവഴിയുള്ള ഗതാഗതം പോലീസ് നിരോധിച്ചിട്ടുണ്ട്. പാലവും റോഡും ബന്ധിപ്പിക്കുന്ന സ്ഥലത്ത്. രണ്ടു മാസം മുൻപ് ചെറിയ തോതിൽ മണ്ണ് വിട്ട് മാറിയിരുന്നു.ഇത് പിന്നീട് അറ്റകുറ്റപ്പണി നടത്തി.
തീരമേഖല ആശങ്കയിൽ
വലിയതുറ: വെളളിയാഴ്ച രാത്രി മുതല്‍ ഇടവിട്ട് ശക്തമായി പെയ്യുന്ന മഴയില്‍ ശംഖുംമുഖം , കണ്ണാന്തുറ , വെട്ടുകാട് , കൊച്ചുവേളി മേഖലയില്‍ കടലിനോട് ചേര്‍ന്ന് താമസിക്കുന്ന ജനം ഏറെ ആശങ്കയിൽ. മഴ കടുത്തതോടെ ശംഖുംമുഖം , കണ്ണാന്തുറ ഭാഗങ്ങളില്‍ ശക്തമായ കടലാക്രമണമാണ് ഉണ്ടായിട്ടുളളത്. നിലവില്‍ ഭീഷണിയില്ലെങ്കിലും മഴ ശക്തമാകുകയാണെങ്കില്‍ കടലിനോട് ചേര്‍ന്ന് നിലകൊളളുന്ന നിരവധി വീടുകള്‍ കടലാക്രമണത്തിന് വിധേയമാകുമെന്നാണ് തീരദേശ വാസികള്‍ പറയുന്നത്.
വലിയതുറ ഭാഗത്ത് കടല്‍ ഭിത്തി നിര്‍മാണം പൂര്‍ത്തിയായതിനാല്‍ ഇവിടെ തിരമാലകള്‍ ശക്തമായി വീശിയടുക്കുന്നുണ്ടെങ്കിലും ജനങ്ങള്‍ക്ക് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് സമീപവാസികളും വാര്‍ഡ് കൗണ്‍സിലറും പറയുന്നത്. പൂന്തുറ, കൊച്ചുവേളി ഭാഗങ്ങളിലും ശക്തമായ കടലാക്രമണം ഉണ്ടായിട്ടുളളതായി പ്രദേശവാസികള്‍ പറയുന്നു.