പരപ്പനങ്ങാടി ചാപ്പപ്പടി കടപ്പുറത്ത് മത്സ്യബന്ധന വല നന്നാക്കുന്ന മത്സ്യത്തൊഴിലാളികള്‍.
മലപ്പുറം: 52 ദിവസത്തെ ട്രോളിംഗ് നിരോധനം അവസാനിച്ചതോടെ ആവേശത്തിലും പ്രതീക്ഷയിലും ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍. യന്ത്രവത്കൃത ബോട്ടുകളും പരമ്പരാഗത വള്ളങ്ങളും കടലിലിറക്കാന്‍ സജ്ജമാക്കി തീരം വീണ്ടും സജീവമായിക്കഴിഞ്ഞു.
പൊന്നാനി, താനൂര്‍, പരപ്പനങ്ങാടി, കൂട്ടായി തുടങ്ങിയ പ്രധാന മത്സ്യബന്ധന കേന്ദ്രങ്ങളിലെല്ലാം ഉത്സവ പ്രതീതിയാണ് നിലനില്‍ക്കുന്നത്. മത്സ്യബന്ധന വലകള്‍ നന്നാക്കിയും, ബോട്ടുകളുടെ അറ്റകുറ്റപ്പണികളും പെയിന്റിംഗും പൂര്‍ത്തിയാക്കിയും തൊഴിലാളികള്‍ ദിവസങ്ങള്‍ക്ക് മുമ്പേ ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു.
ഡീസലും ഐസും ഭക്ഷണസാധനങ്ങളും ബോട്ടുകളില്‍ നിറച്ച് അവസാനവട്ട പരിശോധനയിലാണ് ഇപ്പോള്‍ ഓരോ വള്ളക്കാരും. കഴിഞ്ഞ കുറച്ചു നാളുകളായി ശാന്തമായിരുന്ന പൊന്നാനി ഹാര്‍ബറും തീരങ്ങളും ഇനി രാപകലില്ലാതെ സജീവമാകും.
ദാരിദ്ര്യവും കാത്തിരിപ്പും നിറഞ്ഞ രണ്ടു മാസങ്ങളാണ് കടന്നുപോയത്. ട്രോളിംഗ് കഴിയുന്നതോടെ ഇത്തവണ നല്ല ചാകര ലഭിക്കുമെന്നാണ് കടലിന്റെ മക്കളുടെ പ്രതീക്ഷ.
സാമ്പത്തിക പ്രതിസന്ധി
മറികടക്കാന്‍ ശ്രമം
മത്സ്യസമ്പത്തിന്റെ സംരക്ഷണത്തിനും മറ്റുമായി നടപ്പാക്കിയ ട്രോളിംഗ് നിരോധന കാലയളവ് മത്സ്യത്തൊഴിലാളികളെ സംബന്ധിച്ചിടത്തോളം വലിയ സാമ്പത്തിക പ്രതിസന്ധിയുടെ നാളുകളായിരുന്നു. കടലില്‍ പോകാന്‍ കഴിയാത്തതോടെ നിത്യചെലവുകള്‍ക്ക് പോലും കുടുംബങ്ങള്‍ കഷ്ടപ്പെട്ടു. ട്രോളിംഗ് നിരോധനം ഇന്‍ബോര്‍ഡ്, ഔട്ട്ബോര്‍ഡ് എൻജിനുകളുള്ള പരമ്പരാഗത വള്ളങ്ങള്‍ക്ക് ബാധകമല്ലായിരുന്നെങ്കിലും പ്രതികൂല കാലാവസ്ഥയും കടല്‍ക്ഷോഭവും കാരണം ഇവര്‍ക്കും പല ദിവസങ്ങളിലും കടലില്‍ ഇറങ്ങാന്‍ സാധിച്ചിരുന്നില്ല.
ക്ഷേമനിധി ബോര്‍ഡ് വഴിയുള്ള സൗജന്യ റേഷനും ആശ്വാസ പദ്ധതികളും ഒരു പരിധി വരെ തുണയായെങ്കിലും പൂര്‍ണമായും കരയില്‍ കഴിയേണ്ടി വന്നത് തീരദേശത്തെ വലിയ വറുതിയിലാഴ്ത്തി.
പ്രതീക്ഷ ചാകരയില്‍
ട്രോളിംഗ് നിരോധന കാലത്ത് മത്സ്യങ്ങള്‍ വംശവര്‍ധനവ് നടത്താന്‍ അവസരം ലഭിച്ചതിനാല്‍, നിരോധനം നീങ്ങുന്നതോടെ നല്ല രീതിയില്‍ ചാകര ലഭിക്കുമെന്നാണ് തൊഴിലാളികളുടെയും ഫിഷറീസ് വകുപ്പിന്റെയും കണക്കുകൂട്ടല്‍. കടലില്‍നിന്നുള്ള ആദ്യ വരവിനായി കാത്തിരിക്കുകയാണ് തീരദേശവും അനുബന്ധ കച്ചവടക്കാരും.
നിരോധനം മാറുന്നതോടെ മത്സ്യവിപണി വീണ്ടും സജീവമാകുകയും വില സാധാരണ നിലയിലേക്ക് എത്തുകയും ചെയ്യുമെന്ന പ്രതീക്ഷയിലാണ് പൊതുജനങ്ങളും. ആഴക്കടലിലേക്ക് വീണ്ടും വലയെറിയുമ്പോള്‍ വറുതിയുടെ നാളുകള്‍ മാറി സമൃദ്ധിയുടെ വരവായി.
Tags : Nattuvishesham Districtnews The coast