പത്തനംതിട്ട നഗരത്തിൽ അക്രമി വിളയാട്ടം നടന്ന ഉമ ബിൽഡേഴ്സ് ഓഫീസ്.
പത്തനംതിട്ട : നഗരത്തിൽ അക്രമിയുടെ അഴിഞ്ഞാട്ടം. കോളജ് റോഡിലെ സ്ഥാപനം തല്ലിത്തകർത്ത ഇയാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. കൈപ്പട്ടൂർ സ്വദേശിയായ 45 വയസ് പ്രായമുള്ളയാളാണ് പരാക്രമം കാട്ടിയത്. സ്ഥാപനയുടമയ്ക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. ഇയാൾ ലഹരിക്ക് അടിമയാണെന്നും മാനസികാരോഗ്യ പ്രശ്നങ്ങൾ പ്രകടിപ്പിച്ചെന്നും പോലീസ് പറഞ്ഞു.
ഇന്നലെ ഉച്ചയോടെയാണ് സംഭവം. യൂണിയൻ ബാങ്കിന് സമീപം ഉമ ബിൽഡേഴ്സി ഓഫീസിലാണ് ഇയാൾ പരാക്രമം നടത്തിയത്. സ്ഥാപന ഉടമ ഓഫീസ് പൂട്ടി പുറത്തുപോയ സമയത്തായിരുന്നു സംഭവം. ഓഫീസിന്റെ പൂട്ട് തല്ലിപ്പൊളിച്ചാണ് അകത്തു കടന്നത്. കംപ്യൂട്ടറുകളും ഉപകരണങ്ങളും തല്ലിത്തകർത്തു. ഇൻവെർട്ടർ, മേശ, കസേര എന്നിവയും നശിപ്പിച്ചു.
വലിയ ശബ്ദം കേട്ടാണ് സമീപത്തുള്ളവർ സംഭവമറിഞ്ഞത്. സംഭവശേഷം രക്ഷപ്പെടാനിറങ്ങിയ ഇയളെ തടയാൻ ശ്രമിച്ചവർക്കു നേരെയും ഭീഷണി മുഴക്കി. കൈയിലുണ്ടായിരുന്ന കമ്പിവടി ആളുകൾക്കു നേരെ വീശി. പിന്നീട് ഇയാളെ കീഴ്പ്പെടുത്തി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
Tags : Local News Nattuvishesham Pathanamthitta