സമര വോളണ്ടിയർമാർക്ക് നൽകിയ യാത്രയയപ്പ് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട്: ഭരണഘടനയെ മാനിക്കാത്ത, ജനാധിപത്യ വിരുദ്ധ നയങ്ങളുമായി മുന്നോട്ടു പോകുന്ന ഫാസിസ്റ്റ് ഭരണകൂടത്തെ ഇന്ത്യൻ ജനത പരാജയപ്പെടുത്തുമെന്ന് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.
മാറ്റം അനിവാര്യമാണ് എന്ന മുദ്രാവാക്യമുയർത്തി സെപ്റ്റംബർ ഒന്നിന് ഡൽഹി രാംലീല മൈതാനിയിൽ നടക്കുന്ന സിപിഐ ദേശീയ പ്രക്ഷോഭത്തിൽ കോഴിക്കോട് നിന്ന് പങ്കെടുക്കുന്ന സമര വോളണ്ടിയർമാർക്ക് നഗരത്തിൽ നൽകിയ യാത്രയയപ്പ് ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഡൽഹിയിൽ വിദ്യാർഥികൾ നടത്തിയ സമരത്തിന് മുമ്പിൽ കേന്ദ്ര സർക്കാറിന് അടിപതറി. നീറ്റ് പരീക്ഷ കച്ചവടം ചെയ്ത് കോടികൾ ഉണ്ടാക്കിയ വരെ സംരക്ഷിക്കുകയായിരുന്നു കേന്ദ്ര സർക്കാർ. സമരം ചെയ്ത വിദ്യാർഥികളെ ആദ്യം അവഹേളിക്കുകയും പിന്നെ ക്രൂരമായി വേട്ടയാടുകയും ചെയ്തു. എന്നാൽ നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയിൽ ആരംഭിച്ച പ്രതിഷേധത്തിന് മുമ്പിൽ കേന്ദ്ര സർക്കാറിന് കീഴടങ്ങേണ്ടിവന്നുവെന്നും പന്ന്യൻ രവീന്ദ്രൻ കൂട്ടിച്ചേർത്തു.
കോഴിക്കോട് മൊഫ്യൂസൽ ബസ് സ്റ്റാന്ഡ് പരിസരത്ത് നടന്ന യാത്രയയപ്പ് യോഗത്തിൽ സിപിഐ സിറ്റി നോർത്ത് മണ്ഡലം സെക്രട്ടറി എം.കെ. പ്രജോഷ് അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി. ഗവാസ്, സംസ്ഥാന കൗൺസിൽ അംഗം ടി.വി. ബാലൻ, ജില്ലാ അസി. സെക്രട്ടറി പി.കെ. നാസർ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ചൂലൂർ നാരായണൻ, റീന മുണ്ടേങ്ങാട്ട്, ടി.എം. ശശി, കെ. മോഹനൻ എന്നിവർ പ്രസംഗിച്ചു. യാത്രയയപ്പ് യോഗത്തിന് മുന്നോടിയായി കോറണേഷൻ തീയേറ്റർ പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം പുതിയ ബസ് സ്റ്റാൻഡിൽ സമാപിച്ചു.
Tags : Nattuvishesham DistrictNews DeepikaNews defeat