ചവറ : കാലവര്‍ഷം എത്തിയിട്ടും പൊട്ടിപ്പൊളിഞ്ഞ പാത നവീകരിക്കാതെ അധികൃതര്‍ അലസത കാട്ടുന്നതായി നാട്ടുകാര്‍. ചവറ കൊറ്റന്‍കുളങ്ങര കിഴക്ക് കാട്ടേഴ്ത്ത് മുക്ക്-മണ്ടോടി മുക്ക് പാതയ്ക്കാണ് ഈ ദുര്‍വിധി.
ഇതുവഴി പോകുന്ന യാത്രക്കാർക്ക് പാതയാണോ കുളമാണോ എന്ന് സംശയം ഉണ്ടാകുന്ന തരത്തിലാണ് പാതയുടെ അവസ്ഥ.പാത നവീകരിക്കാന്‍ ഫണ്ടുകള്‍ പല തവണ അനുവദിച്ചിട്ടും അതൊന്നും ഇവിടുത്തെ നവീകരണത്തിന് മാത്രം ഉപയോഗിച്ചില്ല. ഓട്ടോറിക്ഷാ പോലും പോകാന്‍ പറ്റാതെ കുണ്ടും കുഴിയും നിറഞ്ഞ പാതയില്‍ മഴക്കാലം കൂടി ആയതോടെ വെള്ളക്കെട്ടായി മാറിയിരിക്കുകയാണ്.
കുട്ടികളുള്‍പ്പെടെ നിരവധി യാത്രക്കാര്‍ പോകുന്ന ഈ പാത നവികരിക്കും എന്ന വിശ്വാസം പോലും ഇപ്പോള്‍ നാട്ടുകാര്‍ക്ക് ഇല്ലാതായിരിക്കുകയാണ്. ബന്ധപ്പെട്ട അധികൃതര്‍ക്ക് നാട്ടുകാർ പരാതി കൊടുത്ത് മടുത്തു. പഞ്ചായത്തിലെ മറ്റു പല പാതകളും നവീകരിച്ചിട്ടും കാട്ടേഴ്ത്ത് പാതയുടെ കാര്യം അധികൃതര്‍ മറന്ന മട്ടാണ്.
രാത്രി കാലത്ത് ഇരുചക്രവാഹനത്തില്‍ പോകുന്നവര്‍ വെള്ളക്കെട്ടായ കുഴിയല്‍ വീണ് അപകടവും പതിവായിരിക്കുന്നു.പാത നവീകരിക്കാന്‍ അധികൃതര്‍ തയാറായാലും മഴക്കാലം കഴിയണം.അതുവരെ പ്രദേശത്തുള്ളവര്‍ യാത്രയ്ക്ക് മറ്റ് പാതകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
Tags : nattu vishesham road repaired soon