തൂവൽ വെള്ളച്ചാട്ടം.
വെള്ളിയാമറ്റം: നയനമനോഹരമായ വെള്ളച്ചാട്ടവും മലനിരകളുടെ ദൃശ്യചാരുതയും ഒത്തിണങ്ങിയ വെള്ളിയാമറ്റം പഞ്ചായത്തിന് ടൂറിസം രംഗത്ത് അനന്തസാധ്യതയാണുള്ളത്. എന്നാല്‍, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം തിരിച്ചടിയാകുന്നു.
പഞ്ചായത്തും വിനോദസഞ്ചാര വകുപ്പും കൈകോര്‍ത്താല്‍ ഇവിടത്തെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ അനേകരെ അകര്‍ഷിക്കുന്ന കേന്ദ്രങ്ങളായി മാറ്റാനാകും. പഞ്ചായത്തിലെ നെല്ലിക്കാമല, മുതിയാമല, ഇരുകല്ലുംപാറ, പതിക്കമല, കക്കാട്ടുഗുഹ, പറവക്കയം, ഞണ്ടിറുക്കി വെള്ളച്ചാട്ടം എന്നിവയെല്ലാം പ്രകൃതിരമണീയമായ കാഴ്ചകളാണ്.
ഞണ്ടിറുക്കിയില് മാത്രം സംരക്ഷണവേലിയും വെള്ളച്ചാട്ടത്തിന് മുകളില്‍ വരെ എത്താന്‍ നടകളും നിര്‍മിച്ചിട്ടുണ്ട്. മഴക്കാലത്ത് മാത്രമാണ് വെള്ളച്ചാട്ടത്തിന്റെ മനോ ഹാരിത നന്നായി ആസ്വദിക്കാനാകുന്നത്. ഇവിടെ മണ്‍സൂണ്‍കാല വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാന്‍ നടപടി സ്വീകരിച്ചാല്‍ സഞ്ചാരികള്‍ ഇവിടേക്ക് ഒഴുകിയെത്തും.
ഞണ്ടിറുക്കി വെള്ളച്ചാട്ടം
മലയുടെ മുകളില്‍നിന്നു സൗന്ദര്യത്തിന്റെ നിറവായി താഴേക്ക് ഒഴുകിയിറങ്ങുന്ന ഞണ്ടിറുക്കി വെള്ളച്ചാട്ടം ആരുടെയും മനം കവരും. പാലരുവിയായ് താഴേക്ക് പതിക്കുന്ന ജലപ്രവാഹം കാണാന്‍ നിരവധിപ്പേര്‍ എത്തുന്നുണ്ട്.
ചെപ്പുകുളം മലനിരകളില്‍നിന്ന് ഉത്ഭവിച്ച് പൂമാല, മേത്തൊട്ടി വനമേഖലയിലെ പാറക്കെട്ടുകളിലൂടെ ഞണ്ടുകള്‍ ഇഴഞ്ഞുനീങ്ങുന്നതുപോലെ ചെരിഞ്ഞ് ഒഴുകുന്നതിനാലാണ് ഇതിന് ഈ പേര് ലഭിച്ചത്. 200 അടിയില്കൂടുതല് ഉയരത്തില്‍നിന്നു താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം സംസ്ഥാനത്തെ ഉയരമുള്ള വെള്ളച്ചാട്ടങ്ങളിലൊന്നാണ്.
തൂവൽ വെള്ളച്ചാട്ടം
നെടുങ്കണ്ടം: പ്രകൃതിയുടെ പച്ചപ്പും കുത്തിയൊഴുകുന്ന വെള്ളത്തിന്റെ സംഗീതവും ഒത്തുചേരുന്ന തൂവൽ വെള്ളച്ചാട്ടം സഞ്ചാരികളുടെ മനസുകവരുന്ന കാഴ്ചയായി മാറുന്നു. ഇടുക്കിയുടെ മലനിരകളുടെ പശ്ചാത്തലത്തിൽ വെള്ളച്ചാട്ടം തൂവൽപോലെ താഴേക്ക് പതിക്കുന്ന കാഴ്ചയാണ് ഇവിടത്തെ പ്രധാന ആകർഷണം. മഴക്കാലത്ത് നീരൊഴുക്ക് ശക്തമാകുന്നതോടെ തൂവൽ വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം ഇരട്ടിയാകും. പാറക്കെട്ടുകൾക്കിടയിലൂടെ വെള്ളം കുത്തിയൊഴുകി താഴേക്ക് പതിക്കുന്നതും ചുറ്റുമുള്ള പച്ചപ്പും മഞ്ഞുമൂടിയ മലനിരകളും ചേർന്ന് മനോഹരമായ പ്രകൃതിദൃശ്യമാണ് ഒരുക്കുന്നത്.
വെള്ളച്ചാട്ടം മുകളിൽനിന്ന് ആസ്വദിക്കാനാകുന്നതും ഇവിടത്തെ പ്രത്യേകതയാണ്. പ്രകൃതിയുടെ സ്വാഭാവിക സൗന്ദര്യം ആസ്വദിക്കാൻ നിരവധി സഞ്ചാരികളാണ് തൂവലിൽ എത്തുന്നത്. എന്നാൽ, പ്രകൃതിയുടെ ഈ മനോഹാരിതയ്ക്കൊപ്പം അപകടസാധ്യതയും നിലനിൽക്കുന്ന പ്രദേശമാണിത്. അതിനാൽ സുരക്ഷാ നിർദേശങ്ങൾ പാലിച്ച് അകലെനിന്ന് കാഴ്ച ആസ്വദിക്കണമെന്ന മുന്നറിയിപ്പ് അധികൃതരും നാട്ടുകാരും നൽകുന്നത്.
മനോഹാരിതയ്ക്കൊപ്പം മരണച്ചുഴി
കാഴ്ചയിൽ അതിമനോഹരമായ തൂവൽ വെള്ളച്ചാട്ടം അപകടങ്ങളുടെ കാര്യത്തിലും ആശങ്കപ്പെടുത്തുന്നു. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ തൂവലരുവിയുടെ ആഴങ്ങളിൽ 12 പേർ മരിച്ചതായി ഫയർഫോഴ്സ് അധികൃതരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വെള്ളച്ചാട്ടത്തിന് താഴെയുള്ള ഭാഗങ്ങളിൽ ആഴമേറിയ കയങ്ങളും വഴുക്കലുള്ള പാറകളും അപകടഭീഷണി ഉയർത്തുന്നു. പ്രത്യേകിച്ച് കുത്തൊഴുക്കുള്ള സമയത്ത് അരുവി മുറിച്ചുകടക്കാനുള്ള ശ്രമങ്ങളാണ് അപകടങ്ങൾക്ക് പ്രധാന കാരണമാകുന്നത്. വെള്ളച്ചാട്ടത്തിന്റെ താഴ്ഭാഗത്തേക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണമുണ്ടെങ്കിലും മുന്നറിയിപ്പുകൾ അവഗണിച്ച് സഞ്ചാരികൾ അപകടമേഖലയിലേക്ക് എത്തുന്നതായി റിപ്പോർട്ടുകളുണ്ട്.
2023 ഓഗസ്റ്റിൽ തൂവൽ വെള്ളച്ചാട്ടത്തിന് സമീപം രണ്ടു വിദ്യാർഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. 2025 ജൂണിൽ തൂവൽ വെള്ളച്ചാട്ടത്തിൽ ഫോട്ടോ എടുക്കുന്നതിനിടെ തമിഴ്നാട്ടിൽനിന്നെത്തിയ സഞ്ചാരി വഴുതി വെള്ളത്തിലേക്ക് വീണെങ്കിലും നാട്ടുകാരുടെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെട്ടു. ആഴമേറിയ കയങ്ങളും വഴുക്കലുള്ള പാറകളും ഉൾപ്പെടുന്ന പ്രദേശമായതിനാൽ അതീവ ജാഗ്രത വേണമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.
ഇരുകല്ലുംപാറ
വെള്ളിയാമറ്റം, ഉടുമ്പന്നൂര്‍ പഞ്ചായത്തുകളുടെ അതിര്‍ത്തിയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. അതിമനോഹരമായ വ്യൂ പോയിന്റാണ് ഇരുകല്ലുംപാറ. വലിയ രണ്ടു പാറക്കെട്ടുകള്‍ അടുത്തടുത്ത് സ്ഥിതി ചെയ്യുന്നതിനാലാണ് ഇതിന് ഇരുകല്ലുംപാറ എന്ന പേര് ലഭിച്ചത്. പ്രകൃതിഭംഗി ആസ്വദിക്കാനെത്തുന്ന സഞ്ചാരികള്‍ക്ക് പറ്റിയ ഇടമാണിത്. ഇവിടെ നിന്നാല്‍ മൂലമറ്റം, തൊടുപുഴ പ്രദേശങ്ങളുടെ വിദൂരകാഴ്ചയുണ്ട്. സദാ മഞ്ഞുമൂടിയ മലയാണ് ഇവിടം. സംരക്ഷണവേലി ഇവിടെയില്ല.അതിനാല്‍ അപകടസാധ്യതയേറെയാണ്.
പന്നിമറ്റത്തുനിന്ന് ഇവിടേക്ക് സാഹസികയാത്രയ്ക്കു പറ്റിയ റോഡുണ്ട്. എന്നാല്‍ പ്രധാന വഴി കലയന്താനിയില്നിന്നാരംഭിച്ച് പതിക്കമല വഴി ചെപ്പുകുളത്തെത്തിയ ശേഷം ഇരുകല്ലുംപാറയിലെത്താം. ഈ റോഡിന്റെ ഏതാനും ഭാഗം ജില്ലാ പഞ്ചായത്ത് ടാറിംഗ് നടത്തിയെങ്കിലും മൂന്നു കിലോമീറ്റര്‍ ദൂരം ഇനിയും ടാറിംഗ് പൂര്‍ത്തിയാക്കാനുണ്ട്.
നെല്ലിക്കാമല
നെല്ലിക്കാമലയും മുതിയാമലയും സംഗമിക്കുന്ന മലനിരകളാണ് വെള്ളിയാമറ്റം പഞ്ചായത്തിലെ മറ്റൊരു ആകര്‍ഷണം. മലയുടെ ഉച്ചിയിലെത്തിയാല്‍ പുല്‍മേട് എക്കോ പോയിന്റ്, വള്ളപ്പാറ, മുതിയാമല, മുത്തിപ്പാറ, കുരിശുമല, തോട്ടാട്ട് ഗുഹാസമുച്ചയം, പുരാതന സിഎസ്ഐ പള്ളി, മൂലമറ്റം, മലങ്കര ജലാശയം, ഇലവീഴാപൂഞ്ചിറ എന്നിവയുടെ ദൃശ്യഭംഗി ആസ്വദിക്കാം. പാറക്കെട്ടുകളും ഗുഹകളും പുരാതന ആരാധനാലയങ്ങളും ഉള്‍പ്പടെ കാഴ്ചകളുടെ നീണ്ട നിര ഇവിടെയുണ്ട്.
കക്കാട്ടു ഗുഹ
ചരിത്രമുറങ്ങുന്ന കക്കാട്ടു ഗുഹ തൊടുപുഴ-പുളിയന്മല റേഡില്‍ കരിപ്പിലങ്ങാടാണുള്ളത്. ഇതിനടുത്തുവരെ പഞ്ചായത്ത് റോഡുണ്ട്. ഇനി ഗുഹയ്ക്കടുത്തുവരെ എത്താന്‍ നടകള്‍ നിര്‍മിക്കണം. എങ്കിലേ ഇവിടേക്ക് സഞ്ചാരികള്‍ക്ക് എത്താനാകൂ. പറവക്കായവും കിഴക്കന്‍മല ക്ഷേത്രവും ഇതിനു സമീപമാണ് സ്ഥിതിചെയ്യുന്നത്.
മാസ്റ്റര്‍ പ്ലാന്‍ വേണം
പഞ്ചായത്തിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കോര്‍ത്തിണക്കി ടൂറിസം മാസ്റ്റർപ്ലാന്‍ തയാറാക്കിയാല്‍ ടൂറിസം വികസനത്തിന് ഏറെ സാധ്യതയാണുള്ളത്. സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കാനാകും.
പഞ്ചായത്തും വിനോദസഞ്ചാര വകുപ്പും ചേര്‍ന്ന് സഹകരിച്ചാലും ടൂറിസം വികസനപദ്ധതികള്‍ക്ക് രൂപം നല്കാന് കഴിയും. ജില്ലയിലെ അറിയപ്പെടുന്ന ടൂറിസം ഹബ്ബായി ഈ പ്രദേശത്തെ മാറ്റാന്‍ കഴിയും.