കടുത്തുരുത്തി ജല അഥോറിറ്റി ഓഫീസില്‍ സമരം നടത്തുന്ന പഞ്ചായത്തംഗം പി.ഡി. ബാബുവും വികസന സമിതിയംഗങ്ങളും.
കടുത്തുരുത്തി: എഴുമാന്തുരുത്തിലെ കുടിവെള്ള വിതരണം മുടങ്ങിയത് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വാര്‍ഡ് മെംബർ പി.ഡി. ബാബുവിന്റെ നേതൃത്വത്തില്‍ വാട്ടര്‍ അഥോറിറ്റി ഓഫിസില്‍ കുത്തിയിരിപ്പ് സമരം. എഴുമാന്തുരുത്ത് മേഖലയില്‍ കുടിവെള്ളം കിട്ടാതായിട്ട് 14 ദിവസം. പുലിത്തുരുത്ത്, എഴുമാന്തുരുത്ത്, മാത്താംകരി, തുരുത്ത് എന്നീ പ്രദേശങ്ങളിലാണ് കുടിവെള്ളം രണ്ടാഴ്ചയായി മുടങ്ങിക്കിടക്കുന്നത്.
കിണറുകള്‍ കുറവുള്ളതും ഉള്ള വീടുകളിലെ വെള്ളം ഉപയോഗശൂന്യവുമായ മേഖലയാണ് എഴുമാന്തുരുത്ത് പ്രദേശം. ജല അഥോറിറ്റി ഓഫീസില്‍ കുടിവെള്ള പ്രശ്നം പറയുമ്പോഴെല്ലാം ലൈനിലെ തകരാറാണ്. ഉടനെ ശരിയാക്കാം എന്നിങ്ങനെയുള്ള മറുപടികളാണ് ലഭിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. പ്രശ്നത്തിന് പരിഹാരം തേടിയാണ് കടുത്തുരുത്തി ജല അഥോറിറ്റി ഓഫിസില്‍ കടുത്തുരുത്തി പഞ്ചായത്തംഗം പി.ഡി. ബാബു ഇന്നലെ രാവിലെ 9.30 ഓടെയെത്തിയത്.
അപ്പോഴും ഉദ്യോഗസ്ഥരുടെ മറുപടി പഴയതുതന്നെ. അതോടെ നാട്ടിലേക്ക് വെള്ളം കിട്ടുന്നതുവരെ താന്‍ ഈ ഓഫീസിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കു കയാണെന്ന നിലപാടു ബാബുവും സ്വീകരിച്ചു. തുടര്‍ന്ന് ബാബു ജലഅഥോറിറ്റി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയറുടെ ഓഫീസിന് മുന്നിലിരുന്നു സമരം ആരംഭിച്ചു. വിവരമറിഞ്ഞ് വാര്‍ഡിലെ ഗ്രാമവികസന സമിതിയംഗങ്ങളും ഓഫീസിലേക്കെത്തി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മെംബർമാർ ക്കൊപ്പം കുത്തിയിരിപ്പ് സമരം തുടങ്ങി.
സംഭവമറിഞ്ഞ് കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. റോയി ജോര്‍ജ്, വൈസ് പ്രസിഡന്റ് ദീപ ഇന്ദുചൂഡന്, പഞ്ചായത്തംഗം നോബി മുണ്ടയ്ക്കന് എന്നിവര്‍ എഎക്സ്ഇ, സി.എസ്. അനൂപുമായും ജല അഥോറിറ്റി ഉന്നത ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി. അങ്ങനെ ഉച്ചയ്ക്ക് 12 ഓടെ പുലിത്തുരുത്ത് പ്രദേശത്തെ പൈപ്പുകളില്‍ കുടിവെള്ളമെത്തി.
മറ്റു സ്ഥലങ്ങളില്‍ വൈകുന്നേരത്തോടെയും ഇന്ന് രാവിലെയുമായി വെള്ളം എത്തിക്കാമെന്നും ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്കി. തുടര്‍ന്ന് പി.ഡി. ബാബുവും വികസന സമിതിയംഗങ്ങളും സമരം അവസാനിപ്പിച്ചു മടങ്ങി.
Tags : District News Nattuvishesham protest Ezhumanthuruthu