മീനങ്ങാടി പാലക്കമൂലയില്‍ കുറുന്തോട്ടി ശേഖരിക്കുന്ന ഗോത്രവര്‍ഗക്കാര്‍.
മീനങ്ങാടി: വഴിയോരങ്ങളിലും തോട്ടങ്ങളിലുമുള്ള കുറുന്തോട്ടികള്‍ വേരോടെ പിഴുതെടുത്ത് വില്‍ക്കുന്നത് വരുമാനമാര്‍ഗമാക്കി ഗോത്ര കുടുംബങ്ങള്‍.കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ മണ്ണിലെ ഈര്‍പ്പം വര്‍ധിച്ചത് കുറുന്തോട്ടി ശേഖരണം എളുപ്പമാക്കി. മണ്ണ് മൃദുവായ അവസ്ഥയില്‍ കുറുന്തോട്ടികള്‍ കൈകള്‍കൊണ്ട് പിഴുതെടുക്കാനാകും.
മാനന്തവാടി, തിരുനെല്ലി, പുല്‍പ്പള്ളി, ബത്തേരി, മുത്തങ്ങ, കല്ലൂര്‍, മുട്ടില്‍, തൃക്കൈപ്പറ്റ തുടങ്ങിയ പ്രദേശങ്ങളില്‍ കുറുന്തോട്ടി വാങ്ങുന്ന കടകളുണ്ട്. പച്ചക്കുറുന്തോട്ടി കിലോഗ്രാമിന് 20 രൂപയാണ് കടകളില്‍ നല്കുമ്പോള് ലഭിക്കുന്നത്. ഉണക്കിക്കൊടുത്താല് 80 മുതല്‍ 100 വരെ രൂപ വില കിട്ടും. പലരും പച്ചക്കുറുന്തോട്ടിയാണ് വില്പനയ്ക്ക് എത്തിക്കുന്നത്. ദിവസം 20 മുതല്‍ 30 വരെ കിലോഗ്രാം കുറുന്തോട്ടി ശേഖരിക്കുന്നവരുണ്ട്.
കുടുംബാംഗങ്ങള്‍ ഒന്നടങ്കം കുറുന്തോട്ടി ശേഖരണത്തിന് ഇറങ്ങുന്നത് അപൂര്‍വതയല്ല. ജില്ലയില്‍ ശേഖരിക്കുന്ന കുറുന്തോട്ടിയുടെ വലിയ ഭാഗം ആയുര്‍വേദ ഔഷധ നിര്‍മാണത്തിനും മറ്റും ഇതര സ്ഥലങ്ങളിലേക്കാണ് കൊണ്ടുപോകുന്നത്. തൊഴിലുറപ്പ് ജോലിയും കൂലിപ്പണിയും കുറഞ്ഞതോടെയാണ് പട്ടികവര്‍ഗ കുടുംബങ്ങള്‍ കുറുന്തോട്ടി ശേഖരണത്തിലേക്ക് തിരിഞ്ഞത്. മണ്ണില്‍ ഈര്‍പ്പം നിലനില്‍ക്കുന്ന കാലയളവിലാണ് കുറുന്തോട്ടി ശേഖരണം സുഗമമായി നടത്താന്‍ കഴിയുക. മഴ മാറി ചെടിയുടെ വേര് മണ്ണില്‍ ഉറച്ചാല്‍ കൈകള്‍ ഉപയോഗിച്ച് പിഴുതെടുക്കാന്‍ കഴിയാതാകും.
Tags :