അഞ്ചലില്‍ വാഹനത്തിന് തീപിടിച്ചപ്പോള്‍.
അഞ്ചല്‍ : എല്‍ഇഡി വാള് സ്ഥാപിച്ച് പരസ്യം നടത്തി വന്ന വാഹനം കത്തി നശിച്ചു. അഞ്ചല്‍ ആര്‍ഒ ജംഗ്ഷനില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.
അഞ്ചല്‍ പട്ടണത്തില്‍ അടുത്ത ദിവസം ആരംഭിക്കുന്ന ഒരു സ്ഥാപനത്തിന്റെ പരസ്യം പ്രദര്‍ശിപ്പിക്കുന്നതിനായി എത്തിയ വാഹനമാണ് ആര്‍ഒ ജംഗ്ഷനില്‍ പാര്‍ക്ക് ചെയ്തശേഷം ജനറേറ്റര്‍ ഓണ്‍ ചെയ്യവേ പൊടുന്നനെ കത്തിയത്. ഓടികൂടിയ നാട്ടുകാരും ഓട്ടോ ഡ്രൈവര്‍മാരും ചേര്‍ന്ന് തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും വിഫലമായി. പിന്നീട് പുനലൂരില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്സ് സംഘമാണ് തീ പൂര്‍ണമായി കെടുത്തിയത്. അപ്പോഴേക്കും വാഹനവും എല്‍ഇഡി വാളും ഉള്‍പ്പടെ പൂര്‍ണമായും കത്തി നശിച്ചിരുന്നു. അതേസമയം വാഹനത്തിന് തീപിടിക്കുമ്പോള്‍ സമീപത്തായി നിരവധി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്നു.
ഈ വാഹനങ്ങളിലേക്ക് തീ പടരാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാം തീപിടിത്തത്തിന് കാരണമെന്നാണ് സൂചന.