ക്ഷേത്രത്തിലെ ഭണ്ഡാരത്തിന്റെ പൂട്ട് തകർത്ത നിലയിൽ.
കൊരട്ടി: പെരുമ്പിയിലെ നനദുർഗ ക്ഷേത്രത്തിലെ ഭണ്ഡാരത്തിന്റെ പൂട്ട് തകർത്ത് മോഷണം. ഇന്നലെ പുലർച്ചെ ഒരു മണിക്കും ഒന്നരയ്ക്കും ഇടയിലാണ് സംഭവം നടന്നത്. മോഷണം നടത്തുന്ന ദൃശ്യങ്ങൾ ക്ഷേത്രത്തിലെ സിസിടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്.
ഇന്നലെരാവിലെ ക്ഷേത്രത്തിലെ ശാന്തി പതിവുപോലെ പൂജയ്ക്കായി എത്തിയപ്പോഴാണ് ഭണ്ഡാരത്തിന്റെ പൂട്ട് തകർത്ത നിലയിൽ കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്ന് ഒരു സ്ക്രൂ ഡ്രൈവർ കണ്ടെടുത്തിട്ടുണ്ട്.
ഭക്തർ കാണിക്കയായി സമർപ്പിക്കുന്ന തുക മാസത്തിൽ ഒരിക്കൽ മാത്രമാണ് ഭണ്ഡാരത്തിൽ നിന്ന് എടുക്കാറുള്ളത്. ഇരുചക്ര വാഹനത്തിലെത്തിയ ഒരാളാണ് മോഷണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ ക്ഷേത്രം കമ്മിറ്റി കൊരട്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ഊർജിതമാക്കി.
ക്ഷേത്രാങ്കണത്തിൽ പ്രവേശിച്ച് ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ വ്യക്തമാണ്. സമീപ പ്രദേശങ്ങളിലെ കാമറകളും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
Tags : Theft NattuVishasham DistrictNews