നെടുങ്കണ്ടം: ഇടുക്കിയെ തമിഴ്നാടുമായി കുറഞ്ഞ ദൂരത്തില്‍ ബന്ധിപ്പിക്കുന്ന തേവാരംമെട്ട്-തേവാരം പാതയ്ക്ക് വീണ്ടും സാധ്യത തെളിയുന്നു. പാതയുടെ സാധ്യതകള്‍ വിലയിരുത്തുന്നതിനായി തമിഴ്നാട് കമ്പം എംഎല്‍എ ജഗനാഥ് മിശ്ര മേഖലയിലൂടെ കാല്‍നടയായി സഞ്ചരിച്ച് തേവാരംമെട്ടിലെത്തി ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തി.
ഇടുക്കിയുടെ അതിര്‍ത്തി മേഖലയായ തേവാരംമെട്ടില്നിന്നു നാല് കിലോമീറ്റര്‍ ചുരംപാത നിര്‍മിച്ചാല്‍ തമിഴ്നാട്ടിലെ തേവാരത്തിനു സമീപത്തെ അടിവാരത്തെത്താം. ഇവിടെനിന്നു തേവാരത്തേക്ക് മൂന്നു കിലോമീറ്റര്‍ റോഡുണ്ട്. ചുരംപാത യഥാര്‍ഥ്യമായാല്‍ ദക്ഷിണേന്ത്യയിലെ പ്രധാന നഗരങ്ങളായ കൊച്ചിയും മധുരയും തമ്മിലുള്ള ദൂരം 60 കിലോമീറ്ററിലധികം കുറയും.
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സജീവമായിരുന്ന പാത പിന്നീട് തമിഴ്നാട് വനംവകുപ്പ് അടയ്ക്കുകയായിരുന്നു. 1981ല്‍ റോഡിന്റെ നിര്‍മാണോദ്ഘാടനം നടത്തിയെങ്കിലും തുടര്‍നടപടി ഉണ്ടായില്ല. പിന്നീട് പല തവണ പ്രഖ്യാപനം ഉണ്ടായെങ്കിലും വിവിധ തടസങ്ങളാല്‍ പദ്ധതി ഉപേക്ഷിക്കപ്പെട്ടു.
റോഡ് യാഥാര്‍ഥ്യമായാല്‍ തേനി മെഡിക്കല്‍ കോളജിലേക്കും ബോഡിനായ്ക്കന്നൂര്‍ റെയില്‍വേ സ്റ്റേഷനിലേക്കും പച്ചക്കറി ഉത്പാദന മേഖലയായ ചിന്നമന്നൂരിലേക്കും വേഗത്തില്‍ എത്താനാകും.
ശബരിമല തീര്‍ഥാടകര്‍ക്കും ദിവസേന കേരളത്തിലേക്കെത്തുന്ന തൊഴിലാളികള്‍ക്കും പാത ഗുണകരമാവും. ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ചരക്കുനീക്കവും വേഗത്തിലാക്കാനും സാധിക്കും.
ഇരു സംസ്ഥാനങ്ങളിലെയും അതിര്‍ത്തി മേഖലയില്‍ താമസിക്കുന്നവര്‍ കാലങ്ങളായി ആവശ്യപ്പെടുന്ന ഈ പാത നിര്‍മിക്കുന്നതിനുള്ള സാഹചര്യം മനസിലാക്കുന്നതിനായാണ് കമ്പം എംഎല്‍എ തേവാരംമെട്ടില്‍ എത്തിയത്. പാതയുടെ നിര്‍മാണത്തിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്ന് എംഎല്‍എ അറിയിച്ചു.
തേവാരംമെട്ടിലെത്തിയ കമ്പം എംഎല്‍എയ്ക്കും സംഘത്തിനും റോഡ് ആക്ഷന്‍ കൗണ്‍സിലിന്റെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ സ്വീകരണം നല്കി.അഡ്വ. സേനാപതി വേണു എംഎല്‍എയുടെ നേതൃത്വത്തില്‍ നൂറുകണക്കിന് ആളുകളാണ് കമ്പം എംഎല്‍എയെ സ്വീകരിക്കാന്‍ തേവാരംമെട്ടില്‍ കാത്തുനിന്നത്. തുടര്‍ന്ന് ആനക്കല്ലില്‍ സംഘടിപ്പിച്ച യോഗത്തില്‍ നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കല്‍ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി ടോമി, ഉടുമ്പഞ്ചോല പഞ്ചായത്ത് പ്രസിഡന്റ് നാഗജ്, എം.എന്‍. ഗോപി, പി.എന്‍. വിജയന്, പി.എസ്. അനീഷ്, ശ്യാമള വിശ്വനാഥന്, കെ.ആര്. രാമചന്ദ്രന്, സോണിയ മാര്ട്ടിന് തുടങ്ങിയവര്‍ പങ്കെടുത്തു.
Tags : nattu vishesham Thevarammettu-Thevaram road