പ്രതീകാത്മക ചിത്രം
ചെറുതോണി: തോപ്രാംകുടി സഹകരണബാങ്ക് തട്ടിപ്പിൽ പോലീസിന് കൂടുതൽ തെളിവുകൾ ലഭിച്ചു. വ്യാജ സ്വാശ്രയസംഘം രൂപീകരിച്ച് വേണ്ടത്ര രേഖകളും ഈടുമില്ലാതെ കോടികളുടെ തുക മാറിയെടുത്തതായി പോലീസിന്റെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.
ജെഎൽജി, എസ്എസ്ജി എന്നീ പേരുകളിലായി ഒന്നാം പ്രതിയായ ബാങ്ക് മുൻ സെക്രട്ടറി 11 വായ്പകളിലായി 49,25,002 രൂപയുടെ ക്രമക്കേടാണ് നടത്തിയിരിക്കുന്നത്. വസ്തു ജാമ്യത്തിൽ 8,46,000 രൂപയുടെ രണ്ടു വായ്പയും എടുത്തു. ഇവർ തന്നെ 2023 മാർച്ചിൽ വ്യക്തമായ രേഖകളില്ലാതെ അഡ്വാൻസ് കണക്കിൽ ചെലവെഴുതി 90,93,940 രൂപ എടുത്തതായും പോലീസിന്റെ പ്രഥമവിവര റിപ്പോർട്ടിലുണ്ട്.
മുൻ സംഘം പ്രസിഡന്റും മൂന്നു മുതൽ 11 വരെയുള്ള പ്രതികളും ചേർന്ന് കാർഷികവായ്പയുടെ പേരിൽ കെസിസി, ജെഎൽജി ഇനത്തിൽ 2,55,90,580 രൂപയുടെ തിരിമറി നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഇവിടത്തെ ജീവനക്കാർ വിവിധ ഗ്രൂപ്പുകളുടെ പേരിൽ അംഗങ്ങൾ അറിയാതെ അവരുടെ രേഖകൾ ഉപയോഗിച്ച് നാലു വായ്പകളിലായി 49,06,703 രൂപയെടുത്തിട്ടുണ്ട്. കെസിസി, എസ്എൽഎഫ്, കെസിസി ബിൽ ഇനത്തിൽ കാർഷികവായ്പയായി 61,09,976 രൂപ ഒന്നാം പ്രതിയുടെ സഹായത്തോടെ കൈക്കലാക്കി. ഇതേ ജീവനക്കാർ തന്നെ ഇസി ലോൺ പദ്ധതിയിൽ 88,23,693 രൂപയും മാറിയെടുത്തു. 12ഉം 13ഉം പ്രതികൾ ചേർന്ന് ഗ്രൂപ്പ് നിക്ഷേപപദ്ധതി ജിഡിഎസ് വഴി എട്ടു തവണയായി 4,32,205 രൂപയും അഞ്ചു വർഷത്തിനിടെ മാറിയെടുത്തു. സംഘത്തിലെ ഒന്നും രണ്ടും പ്രതികളും ഭരണസമിതിയും ചേർന്ന് മറ്റൊരു പദ്ധതിയുടെ പേരിൽ സംഘത്തിൽനിന്നു 44 അംഗങ്ങളുടെ പേരിൽ 1,02,31,406 രൂപ മാറിയെടുത്തതായും റിപ്പോർട്ടിൽ പറയുന്നു.
പ്രതികൾ എല്ലാവരും ഒറ്റക്കെട്ടായിനിന്ന് വിവിധ ആളുകൾക്ക് 99,60,555 രൂപയാണ് വായ്പ നൽകിയത്. ഗ്രൂപ്പ് നിക്ഷേപ പദ്ധതിയിൽ ആവശ്യമായ രേഖകളില്ലാതെ 35 പേർക്കായി തിരിച്ചുപിടിക്കാൻ കഴിയാത്തവിധം സംഘത്തിന് 52,42,000 രൂപ നഷ്ടം വരുത്തിയതായും പ്രഥമവിവര റിപ്പോർട്ടിലുണ്ട്. രണ്ടാം പ്രതി വിവിധതരത്തിലുള്ള ഏഴു വായ്പകളിലായി 11,96,267 രൂപ ക്രമവിരുദ്ധമായി വായ്പ നൽകി. സംഘത്തിലെ അഞ്ച് ബാങ്ക് അക്കൗണ്ടുകളിലായി ഉണ്ടായിരുന്ന കോടിക്കണക്കിന് രൂപയിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് പുറത്തായതോടെ നിക്ഷേപകരും ആശങ്കയിലായിരിക്കയാണ്.
Tags : Local News Nattuvishesham Thopramkudi bank More evidence found