ആറന്മുളയിൽ ഇന്നലെ നടന്ന അഷ്ടമിരോഹിണി വള്ളസദ്യ.
ആറന്മുള: പാർഥസാരഥി ക്ഷേത്രത്തിൽ അഷ്ടമിരോഹിണിനാളിൽ നടന്ന വള്ളസദ്യയിൽ അരലക്ഷത്തോളം ആളുകൾ പങ്കെടുത്തു. പുലർച്ചെ മുതൽ തന്നെ ക്ഷേത്രത്തിലേക്ക് ഭക്തജന പ്രവാഹം ഉണ്ടായി. ആറന്മുളയുടെ വിവിധ കരകളിൽ നിന്നുള്ളവർ പള്ളിയോടങ്ങളിൽ എത്തിയാണ് വള്ളസദ്യയിൽ ഭാഗഭാക്കായത്. പരന്പരാഗത ആചാരങ്ങളും ചടങ്ങുകളും നിലനിർത്തിയായിരുന്നു വള്ളസദ്യ.
11.30 ഓടെ പള്ളിയോടങ്ങൾ ക്ഷേത്രക്കടവിൽ എത്തിത്തുടങ്ങി. ആദ്യമെത്തിയ മേലുകര പള്ളിയോടത്തെ പള്ളിയോട സേവാ സംഘം ഭാരവാഹികൾ വെറ്റ-പുകയില നൽകി ക്ഷേത്രത്തിലേക്ക് സ്വീകരിച്ചു. പിന്നാലെ മറ്റു പള്ളിയോടങ്ങൾ ഓരോന്നായി എത്തിത്തുടങ്ങി. ഇതോടെ പന്പാനദിയിൽ പള്ളിയോടങ്ങളുടെ പൂരമായി.
കടുത്ത ചൂട് വകവയ്ക്കാതെ ഭക്തരെക്കൊണ്ട് ക്ഷേത്രമുറ്റം നിറഞ്ഞു കവിഞ്ഞു. 12. 30ന് ക്ഷേത്ര ശ്രീകോവിലിൽനിന്ന് തന്ത്രിയുടെ സാന്നിധ്യത്തിൽ മേൽശാന്തി വി.എസ്. ശങ്കരൻ നമ്പൂതിരി നൽകിയ ദീപം പള്ളിയോടം ഭാരവാഹികൾ ഏറ്റുവാങ്ങി ആനക്കൊട്ടിലിൽ പ്രത്യേക തയാറാക്കിയ മണ്ഡപത്തിൽ എത്തിച്ചു.
അക്കീരമൺ കാളിദാസ ഭട്ടതിരി ഭദ്രദീപം കൊളുത്തി. ചെങ്ങന്നൂർ എൻഎസ്എസ് താലൂക്ക് യൂണിയൻ അഡ് ഹോക്ക് കമ്മിറ്റി ചെയർമാൻ ആർ. അജിത് കുമാർ വിഭവങ്ങൾ ഇലയിൽ വിളമ്പി.
അബിൻ വർക്കി എംഎൽഎ, പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ. വി. സാംബദേവൻ സെക്രട്ടറി പ്രസാദ് ആനന്ദഭവൻ അഷ്ടമരോഹിണി കൺവീനർ അജയ് ഗോപിനാഥ് ട്രഷറർ രമേശ് മാലിമേൽ വൈസ് പ്രസിഡന്റ് കെ.എസ്. സുരേഷ് എന്നിവരും വിഭവങ്ങൾ ഒന്നൊന്നായി വിളമ്പി.
ആറന്മുളയിൽ 16 വരെ വഴിപാട് വള്ളസദ്യകൾ തുടരും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല, നിർവഹണ സമിതി അംഗം ക്യാപ്റ്റൻ വീന്ദ്രൻ നായർ, ജി. കൃഷ്ണകുമാർ മാലേത്ത് സരളാദേവി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജയലക്ഷ്മി, എഡിഎം ആർ. രാജലക്ഷ്മി, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ സജിത്ത് ഭാസ്കർ, എം. വി. ഗോപകുമാർ, പബ്ലിസിറ്റി കൺവീനർ വിജയകുമാർ ചുങ്കത്തിൽ, ഫുഡ് കമ്മിറ്റി കൺവീനർ ബി. കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു.