പ്രതീകാത്മക ചിത്രം
മൂന്നാര്‍: മൂന്നാര്‍ ടൗണിനു സമീപം കടുവയുടെ സാന്നിധ്യം. മൂന്നാര്‍ ടൗണിനു സമീപമുള്ള പ്രദേശങ്ങളില്‍ വന്യമൃഗ സാന്നിധ്യം രൂക്ഷമായതോടെ പ്രദേശവാസികള്‍ പരിഭ്രാന്തിയിലാണ്. കഴിഞ്ഞ ദിവസം മൂന്നാര്‍ ടൗണിനു സമീപം ഏറ്റവും തിരക്കേറിയ പ്രദേശമായ ഇക്കാനഗറിലാണ് കടുവയെ നാട്ടുകാര്‍ കണ്ടത്.
ഏറ്റവും തെരക്കും ആളനക്കവുമുള്ള പ്രദേശത്ത് കടുവയെ കണ്ടത് നാട്ടുകാരില്‍ ഭയാശങ്ക ഉയര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും നാളുകളായി ഈ പ്രദേശത്ത് വിവിധ ഇടങ്ങളിലായി നാട്ടുകാര്‍ കടുവയെ കണ്ടിരുന്നു.
കെഎസ്ഇബി ഓഫീസിനു സമീപമുള്ള മലയിലും പരിസരങ്ങളിലുമാണ് കടുവയെ കണ്ടതായി നാട്ടുകാര്‍ പറയുന്നത്. മൂന്നാര്‍ സന്ദര്‍ശിക്കുന്ന സഞ്ചാരികള്‍ തണുപ്പ് ആസ്വദിക്കുവാന്‍ രാത്രിയില്‍ ടൗണിന് സമീപത്ത് ഇറങ്ങി നടക്കുന്നത് പതിവായതിനാല്‍ രാത്രി നിരീക്ഷണവും കാര്യക്ഷമമാക്കണമെന്നുള്ള ആവശ്യം ശക്തമാണ്.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയില്‍ മൂന്നാര്‍ ടൗണിനു സമീപത്തെ ജനവാസ മേഖലകളില്‍ കാട്ടാനയും കാട്ടുപോത്തും ഇറങ്ങിയിരുന്നു.
Tags : District News Nattuvishesham