അമൃത സതീപന്‍
മൂന്നാര്‍: സ്ഥലം മാറിപ്പോയ മൂന്നാര്‍ ഡിവൈഎസ്പിക്കു പകരം എഎസ്പിയായി ഒരു വനിത ചുമതലയേറ്റതോടെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാറിന്റെ നിയമപാലനം വനിതകളുടെ കരുത്തിലായി. ഇരിങ്ങാലക്കുട സ്വദേശി അമൃത സതീപന്‍ ആണ് കഴിഞ്ഞ ദിവസം മൂന്നാറിലെ എഎസ്പി ആയി ചുമതലയേറ്റത്. കഴിഞ്ഞ മാസം മൂന്നാര്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍ ആയി കട്ടപ്പന സ്വദേശി കൃഷ്ണപ്രിയ ഉണ്ണി ചുമതലയേറ്റിരുന്നു. ഇതോടെ മൂന്നാറിലെ ക്രമസമാധാന പാലനം വനിതകളുടെ കരുത്തിലായി.
2024 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയായ അമൃതയുടെ ആദ്യ നിയമനമാണ് മൂന്നാറിലേത്. കോഴിക്കോട് എന്‍ഐടിയില്‍നിന്ന് എൻജിനിയറിംഗ് പഠനം പുര്‍ത്തിയാക്കി ഒഡീഷയില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തു വരുന്പോഴാണ് സിവില്‍ സര്‍വീസിനു ശ്രമിച്ചത്. ആദ്യ ഉദ്യമത്തിൽത്തന്നെ മികച്ച വിജയം നേടാനായി. സ്ത്രീകളും കുട്ടികളും നേരിടുന്ന പ്രശ്നങ്ങള്‍ക്കു പരിഹാരം കണ്ടെത്താനും മൂന്നാര്‍ നേരിടുന്ന മുഖ്യ പ്രശ്നങ്ങളില്‍ ഒന്നായ ഗതാഗതക്കുരുക്കിനു പോംവഴികള്‍ കണ്ടെത്താനുമാണ് ആഗ്രഹിക്കുന്നത്.
പിതാവ് സതീപന്‍ ബഹ്റൈനില്‍ ഉദ്യോഗസ്ഥനാണ്. ഗുരുവായുര്‍ സ്വദേശിയായ മാതാവ് ഗീത അധ്യാപികയാണ്. ഏക സഹോദരി അപര്‍ണയും സിവില്‍ സര്‍വീസ് നേടാനുള്ള പരിശ്രമത്തിലാണ്.
Tags : District News Nattuvishesham Munnar Law Enforcement Women