പ്രതീകാത്മക ചിത്രം
അടൂർ: അടൂരിലും സമീപ പ്രദേശങ്ങളിലും മോഷണം വ്യാപകമായതോടെ അന്വേഷണം ഊർജിതമാക്കാൻ പൊലിസ് പ്രത്യേക സംഘം രൂപീകരിച്ചു. അടൂർ ഡിവൈഎസ്പി കെ.പി. വിനോദാണ് അന്വേഷണ സംഘത്തിന് രൂപം നൽകിയത്.
അടൂർ പൊലിസ് ഇൻസ്പെക്ടർ ആർ. രാജീവ് സംഘത്തിന് നേതൃത്വം നൽകും.
കൊടുമൺ ബിവറേജസ് ഔട്ട്ലെറ്റിൽനിന്ന് മോഷ്ടാക്കൾ പോകുന്നതിന്റെ ദൃശ്യങ്ങൾ പൊലിസിന് ലഭിച്ചിട്ടുണ്ട്. വിവിധയിടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള പരിശോധന തുടരുകയാണ്. സൈബർ സംവിധാനത്തിന്റെ സഹായത്തോടെയും അന്വേഷണം പുരോഗമിക്കുന്നു.
രാത്രികാല പട്രോളിംഗ് പൊലിസ് ശക്തമാക്കി. ജീപ്പിലും രണ്ട് ബൈക്കുകളിലുമായി പ്രത്യേക പട്രോളിംഗ് നടത്തും. ഞായറാഴ്ച രാത്രി അടൂരിലെ ആരാധനാലയങ്ങളിൽ മോഷണം നടത്തിയശേഷം കൊടുമൺ ബിവറേജസ് ഔട്ട്ലെറ്റിലും കയറിയ സംഘം കൈപ്പട്ടൂർ വരെ എത്തിയതായാണ് അന്വേഷണത്തിൽ വ്യക്തമായത്.ഓട്ടോറിക്ഷയിൽ സഞ്ചരിച്ചാണ് മോഷണം നടത്തിയതെന്നാണ് പൊലിസിന്റെ കണ്ടെത്തൽ. മോഷണസംഘത്തിൽ രണ്ടുപേർ മാത്രമാണുണ്ടായിരുന്നതെന്നാണ് നിഗമനം. മോഷ്ടാക്കളിലേക്ക് എത്താൻ സഹായിക്കുന്ന നിർണായക തെളിവുകൾ ലഭിച്ചതായും പൊലിസ് അറിയിച്ചു
Tags : District News Nattuvishesham Special police team investigation