എഐ ചിത്രം
കോഴിക്കോട്: സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സ്പെഷ്യല്‍ സ്കൂളുകള്‍ക്ക് ഗ്രാന്‍ഡായി 52 കോടി അനുവദിച്ചിട്ടും ഏഴ് മാസമായി ശമ്പളമില്ലാതെ ദുരിതത്തിലായി സ്പെഷ്യല്‍ സ്കൂള്‍ അധ്യാപകരും ജീവനക്കാരും. ഈ വര്‍ഷം ഏപ്രില്‍ മുതലുള്ള ശമ്പളമാണ് ജീവനക്കാർക്ക് ഇതുവരെയായിട്ടും ലഭിക്കാത്തത്. കഴിഞ്ഞ അധ്യയന വര്‍ഷത്തെ ശമ്പളം മാര്‍ച്ച് 31നാണ് സര്‍ക്കാര്‍ നല്‍കിയത്.
സാങ്കേതികമായ തടസങ്ങളാണ് ശമ്പളം വൈകുന്നതിന് കാരണമായി ഉദ്യോഗസ്ഥര്‍ പറയുന്നത്. വര്‍ഷത്തില്‍ രണ്ടുതവണയാണ് സ്പെഷ്യല്‍ സ്കൂളിലെ അധ്യാപകര്‍ക്കും ആയമാര്‍ക്കും തെറാപ്പിസ്റ്റുകള്ക്കുമുള്ള ശമ്പളം സര്‍ക്കാര്‍ നല്‍കുന്നത്. അതില്‍ ആദ്യ ഘട്ടം സെപ്റ്റംബറില്‍ വിതരണം ചെയ്യണം. എന്നാല്‍,ഈ തുക ഇതുവരെയും നല്‍കിയിട്ടില്ല. ശമ്പളം വിതരണം ചെയ്യുന്നതിന് സ്കൂളുകളില്‍ പരിശോധന നടത്തി വരികയാണെന്നും ഡിസംബറോടെ ശമ്പളം വിതരണം ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
സംസ്ഥാനത്ത് ആകെ 345 സ്പെഷ്യല്‍ സ്കൂളുകളാണ് ഉള്ളത്. അതില്‍ 200 എണ്ണമാണ് സര്‍ക്കാര്‍ പാക്കേജില്‍ ഉള്‍പ്പെടുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ ഈ ഇരുന്നൂറോളം സ്കൂളുകള്‍ക്കാണ് യുഡിഎഫ് സര്‍ക്കാര്‍ 52 കോടി അനുവദിച്ചിരിക്കുന്നത്. 2008 മുതലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പ്ലാന്‍ ഫണ്ടില്‍ നിന്ന് സ്പെഷ്യല്‍ സ്കൂളുകള്‍ക്ക് സാമ്പത്തിക സഹായം നല്കിത്തുടങ്ങിയത്. ആദ്യ തവണ 10 കോടി രൂപയും 2019ല്‍ 25 കോടിയും തൊട്ടടുത്ത വര്‍ഷം 35 കോടിയും അനുവദിച്ചു. യൂണിയനുകളുടെയും സ്പെഷ്യല്‍ സ്കൂളുകളുടെയും നിരന്തരമായ ആവശ്യത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഈ തുക 62 കോടിയായി ഉയര്‍ത്തിയെങ്കിലും ഈ വര്‍ഷം 52 കോടിയായി കുറഞ്ഞു.
ഈ തുകയില്‍ നിന്നാണ് പഞ്ചായത്തുകള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ബഡ്സ് സ്കൂളുകള്‍ക്ക് നല്‍കുന്നത്. ശേഷിക്കുന്ന തുകയാണ് സ്പെഷ്യല്‍ സ്കൂളുകള്‍ക്ക് നല്‍കുന്നത്. കൃത്യമായ ഒരു ആസൂത്രണം ഇല്ലാത്തതാണ് സ്പെഷ്യല്‍ സ്കൂളുകള്‍ക്കുള്ള തുക കൃത്യസമയത്ത് വിതരണം ചെയ്യുന്നതില്‍ വീഴ്ചയുണ്ടാകാന്‍ കാരണം. എല്ലാം പതിയെ മതിയെന്ന ഉദ്യോഗസ്ഥരുടെ നിലപാടില്‍ മാറ്റം വരണം. ജൂണ്‍ മാസത്തില്‍ തന്നെ ആവശ്യമായ നടപടിക്രമങ്ങള്‍ ചെയ്താല്‍ കൃത്യസമയത്ത് ജീവനക്കാര്‍ക്ക് ശമ്പളം നല്കാന് കഴിയുമെന്ന് സ്പെഷ്യല്‍ സ്കൂള്‍ എംപ്ലോയീസ് യൂണിയന് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. പ്രഭാകരന് പറഞ്ഞു.
18 വയസിന് താഴെയുള്ള കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ഗ്രാന്‍ഡ് അനുവദിക്കുന്നത്. എട്ട് കുട്ടികള്‍ക്ക് ഒരു ടീച്ചര്‍, 15 കുട്ടികള്‍ക്ക് ഒരു ആയ എന്ന അനുപാതമാണ് നിശ്ചിച്ചിരിക്കുന്നത്. ഇവര്‍ക്ക് പുറമെ തെറാപ്പിസ്റ്റുമുണ്ടാകും. അധ്യാപകര്‍ക്ക് എല്‍പി സ്കൂള്‍ അധ്യാപകരുടെ ശമ്പളമായ 28,100 മുതല്‍ 33,000 രൂപ വരെയും ആയമാര്‍ക്ക് 18700 രൂപയും തെറാപ്പിസ്റ്റിന് 1250 രൂപ ദിവസവേതനവുമാണ് നിശ്ചയിച്ചിരിക്കുന്നത്.
Tags : monthly salary special teacher salary NattuVishesham DistrictNews