ഹോട്ടൽ കിംഗ് ഫോർട്ടിൽ സംഘടിപ്പിച്ച ആശയരൂപീകരണ യോഗം മന്ത്രി എ.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട്: പതിനഞ്ചാം പഞ്ചവത്സര പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി സംസ്ഥാന ആസൂത്രണ ബോർഡിന്റെ നേതൃത്വത്തിൽ കോഴിക്കോട് പാളയം ഹോട്ടൽ കിംഗ് ഫോർട്ടിൽ സംഘടിപ്പിച്ച ആശയരൂപീകരണ യോഗം മന്ത്രി എ.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ജില്ലാതല യോഗങ്ങളിലൂടെ പൊതുജനങ്ങളുടെയും ജനപ്രതിനിധികളുടെയും ആശയങ്ങൾ കൂടി ഉൾക്കൊണ്ടുകൊണ്ടായിരിക്കും പദ്ധതി രൂപീകരിക്കുകയെന്ന് മന്ത്രി വ്യക്തമാക്കി. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിക്ക് ശേഷം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾ പഞ്ചവത്സര പദ്ധതികൾ ഉപേക്ഷിച്ചപ്പോഴും കാർഷിക വിപ്ലവത്തിനും ദാരിദ്ര്യ നിർമ്മാർജ്ജനത്തിനും വ്യാവസായിക വളർച്ചയ്ക്കും അടിത്തറയിട്ട ഈ ആസൂത്രണ രീതി മുന്നോട്ട് കൊണ്ടുപോകാനാണ് കേരളം തീരുമാനിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സാമ്പത്തിക വളർച്ച, സാമൂഹിക നീതി, സാങ്കേതിക പുരോഗതി, പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ വികസനം എന്നിവ സമന്വയിപ്പിച്ച് ‘പുതുയുഗ കേരളം’ വികസന മാതൃകയ്ക്ക് രൂപം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. നിലവിലെ ആഗോള സാഹചര്യത്തിൽ വിദേശ വരുമാനത്തെയും സർക്കാർ ജോലികളെയും മാത്രം ആശ്രയിച്ച് മുന്നോട്ട് പോകാൻ കഴിയില്ലെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പ്രാദേശിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ചെറുകിട-വൻകിട സംരംഭങ്ങൾ തുടങ്ങുന്നതിനും പദ്ധതിയിൽ മുൻഗണന നൽകുമെന്നും മന്ത്രി പറഞ്ഞു.
കാർഷിക മേഖലയിലേക്കുള്ള ശക്തമായ തിരിച്ചുവരവ് അനിവാര്യമാണെന്നും അയൽസംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉത്പാദന രംഗത്തുള്ള കുറവ് പരിഹരിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.പഞ്ചായത്തുകൾക്കുള്ള വിഹിതം ബജറ്റിന്റെ ഭാഗമായി തന്നെ നീക്കിവയ്ക്കുന്ന രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി പറഞ്ഞു.
പ്ലാൻ ഫണ്ടിനും തനത് ഫണ്ടിനും അപ്പുറമുള്ള വികസന സാധ്യതകൾ തദ്ദേശ സ്ഥാപനങ്ങൾ പ്രയോജനപ്പെടുത്തണമെന്നും അനുവദിക്കുന്ന തുക സാമ്പത്തിക വർഷത്തിന്റെ അവസാനത്തിലേക്ക് നീട്ടിവയ്ക്കാതെ സമയബന്ധിതമായി പൂർണമായും ചെലവഴിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.ചടങ്ങിൽ ഫൈസൽ ബാബു എംഎൽഎ അധ്യക്ഷത വഹിച്ചു. സംസ്ഥാന ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ കെ.എം. ചന്ദ്രശേഖർ ആമുഖപ്രഭാഷണം നടത്തി. മേയർ ഒ. സദാശിവൻ, എം.കെ. രാഘവൻ എംപി, ഷാഫി പറമ്പിൽ എംപി ഉള്പ്പെടെയുള്ളവര് പങ്കെടുത്തു.