കൊച്ചി: പകര്‍ച്ചവ്യാധികളെ പിടിച്ചുകെട്ടാൻ ആരോഗ്യ വകുപ്പുമായി സഹകരിച്ച് ജില്ലാ പഞ്ചായത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ സമഗ്ര പ്രതിരോധ കര്‍മ പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കാനൊരുങ്ങുന്നു.
ഒരു വര്‍ഷത്തിനുള്ളിൽ ജില്ലയിലെ മുഴുവന്‍ വീടുകളിലും കര്‍മ പദ്ധതി എത്തിച്ച് ആരോഗ്യകരമായ ശീലങ്ങള്‍ നിലനിര്‍ത്താന്‍ ജനങ്ങളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. ഇതിനുമുന്നോടിയായി പൊതുജനാരോഗ്യ രംഗത്തെ വിദഗ്ധരെയടക്കം ഉള്‍പ്പെടുത്തി ഇന്ന് കൊച്ചിയില്‍ ശില്പശാല നടക്കും.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അഞ്ചിരിട്ടിയിലധികമാണ് ജില്ലയിലെ എച്ച്1എന്‍1 ബാധിരുടെ എണ്ണം. ഈ സാഹചര്യം കണക്കിലെടുത്താണ് പകര്‍ച്ചവ്യാധി പ്രതിരോധ കര്‍മ പദ്ധതി നടപ്പാക്കാൻ ജില്ലാ പഞ്ചായത്ത് ഒരുങ്ങുന്നത്. സംസ്ഥാനത്ത് ഇത്തരത്തില്‍ സമഗ്ര കര്‍മ പദ്ധതിക്ക് രൂപം നല്കുന്ന ആദ്യ ജില്ലയാണ് എറണാകുളം.
പ്രതിരോധിക്കാന്‍ ആരോഗ്യഭേരി
ആരോഗ്യഭേരി എന്ന പേരിലാണ് പകര്‍ച്ചവ്യാധ പ്രതിരോധ കര്‍മപദ്ധതി ആവിഷ്കരിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ചാകും പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ ആദ്യ മൂന്ന് മാസം (ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ) തീവ്ര ഘട്ടമായി കണക്കാക്കി ബോധവത്കരണ പ്രവര്‍ത്തനങ്ങളും പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളും നടപ്പാക്കും.
പദ്ധതി ഘടകങ്ങള്‍
ഉറവിട നശീകരണം, ക്ലോറിനേഷന്, സ്പ്രേയിംഗ് തുടങ്ങിയവ ഊര്‍ജിതമാക്കും.
ശുദ്ധജലത്തില്‍ മുട്ടയിട്ട് പെരുകുന്ന കൊതുകുകളെ ഇല്ലാതാക്കാന്‍ ഊര്‍ജിത ഉറവിട നശീകരണം.
മലിന ജലത്തില്‍ മുട്ടയിട്ടു പെരുകുന്ന കൊതുകുകളുടെ ഉറവിട നശീകരണത്തിനായി വെള്ളക്കെട്ടുകള്‍ ഒഴിവാക്കുക, സ്പ്രേയിംഗ്, കക്കൂസ് വെന്റ് പൈപ്പുകള്‍ വലയിട്ട് കെട്ടുക.
ശുദ്ധജലം ഉറപ്പാക്കാന്‍ കൃത്യമായ ഇടവേളകളില്‍ ക്ലോറിനേഷന്.
വാര്‍ഡ് തലത്തില്‍ പ്രത്യേകം പരിശീലനം ലഭിച്ച ഹെല്‍ത്ത് വോളന്റിയര്‍മാരുടെയും ആശാ പ്രവര്‍ത്തകരുടെയും സേവനം ഉള്‍പ്പെടുത്തി കൊതുക് നശീകരണം തുടങ്ങിയവ നടപ്പാക്കും.
ജില്ലയിലെ 8,14,000 വീടുകളിലും പദ്ധതി
ജില്ലയിലെ 8,14,000 വീടുകളിലും ഒരു വര്‍ഷത്തിനുള്ളില്‍ സമഗ്ര കര്‍മ പദ്ധതി എത്തിക്കാനാണ് ജില്ലാ പഞ്ചായത്തിന്റെ ലക്ഷ്യം. ഇതിനായി ആശാ പ്രവര്‍ത്തകരുടെയും ഹെൽത്ത് വര്‍ക്കര്‍മാരുടെയും വാര്‍ഡുതല ടീമുകള്‍ സജ്ജമാക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലാകും വാര്‍ഡുതല ടീമുകള്‍.
പകര്‍ച്ചവ്യാധികള്‍ പടരാന്‍ ഇടയാക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നതും പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന തരത്തിലുള്ള പ്രവര്‍ത്തികള്‍ നടത്തുന്നവര്‍ക്കുമെതിരെ നിയമനടപടി കര്‍ശനമാക്കാനും കര്‍മ പദ്ധതിയിലൂടെ ജില്ലാ പഞ്ചായത്ത് ലക്ഷ്യമിടുന്നു.
ശില്പശാല ഇന്ന്
പദ്ധതി ആവിഷ്കരണത്തിന് മുന്നോടിയായി ഇന്ന് രാവിലെ 9.30ന് എറണാകുളം ടൗണ്‍ ഹാളില്‍ ജില്ലാതല ശില്പശാല നടക്കും. മന്ത്രി റോജി എം. ജോണ്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാര് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷർ, ചെയര്മാന്മാര്, ആരോഗ്യം, ആയുഷ് വകുപ്പുകളിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Tags : Local News Nattuvishesham Ernakulam