പ്രതീകാത്മക ചിത്രം
ഇരിങ്ങാലക്കുട: നഗരസഭാപരിധിയില്‍ വാര്‍ഡ് 35ല്‍ പൊറത്തിശേരിയില്‍ പ്രവര്‍ത്തിക്കുന്ന കള്ളുഷാപ്പ് മാറ്റിസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമരസമിതി നടത്തുന്ന സമരം രണ്ടരമാസം പിന്നിട്ടു.
വീവണ്‍ നഗര്‍ സ്റ്റോപ്പിന് അടുത്തായി സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തില്‍ ഈ വര്‍ഷം ഏപ്രില്‍ 11 മുതലാണ് കള്ള് ഷാപ്പ് പ്രവര്‍ത്തനം ആരംഭിച്ചത്. ചേലൂര്‍ പനോക്കില്വീട്ടില് സുബീഷിന്റെ ലൈസന്‍സിയില്‍ നേരത്തെ അടുത്തുതന്നെയുള്ള കാലപ്പഴക്കമുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഷാപ്പാണ് ഏപ്രില്‍ മുതല്‍ ഇവിടെ ആരംഭിച്ചത്. എന്നാല്‍ ജനവാസമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഷാപ്പ് കേരള അബ്കാരി ചട്ടങ്ങള്‍ക്ക് വിരുദ്ധമായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും ഷാപ്പിന്റെ 400 മീറ്റര്‍ പരിധിയില്‍ ക്ഷേത്രങ്ങളും ഉന്നതികളും വരുന്നുണ്ടെന്നും ഷാപ്പ് ജനവാസമേഖലയില്‍നിന്നു മാറ്റിസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടാണ് ജനകീയ സമരസമിതി ഉപവാസം ഉള്‍പ്പടെയുള്ള സമരപരിപാടികള്‍ ആരംഭിച്ചത്.
ജില്ലാ ഭരണകൂടത്തിനും ആര്‍ഡിഒവിനും എക്സൈസ് വകുപ്പിനും നഗരസഭയ്ക്കും ഇരുനൂറോളംപേര്‍ ഒപ്പിട്ട നിവേദനവും കൈമാറി. എന്നാല്‍ പരാതിയില്‍ സൂചിപ്പിച്ചിട്ടുള്ള ക്ഷേത്രങ്ങള്‍ നിത്യപൂജയില്ലാത്ത കുടുംബക്ഷേത്രങ്ങളാണെന്നും വാര്‍ഡില്‍ പട്ടികജാതിവികസന വിഭാഗത്തില്‍നിന്നു ലഭ്യമായ വിവരപ്രകാരം വാര്‍ഡില്‍ ഉന്നതികള്‍ ഇല്ലെന്നും ഷാപ്പിന് പിൻവശത്തായിട്ടാണ് വീടുകള്‍ സ്ഥിതി ചെയ്യുന്നതെന്നും മാലിന്യ പ്രശ്നങ്ങള്‍ ഇല്ലെന്നും ഇരിങ്ങാലക്കുട എക്സൈസ് വിഭാഗം തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ നിത്യപൂജയുള്ള ക്ഷേത്രങ്ങള്‍ വേണമെന്ന് ചട്ടം പറയുന്നില്ലെന്നും നിത്യപൂജയുള്ള ക്ഷേത്രങ്ങളെ ദൂരപരിധി പുനപരിശോധനയില്നിന്നു ഒഴിവാക്കിയിരിക്കുകയാണെന്നും സമരസമിതി പ്രവര്‍ത്തകര്‍ പറയുന്നു.
പരിശോധനയിലെ അപാകങ്ങള്‍ തിരുത്തണമെന്നും ഷാപ്പ് മാറ്റിസ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടത്തെ വീണ്ടും സമീപിക്കാന്‍ ഒരുങ്ങുകയാണ് സമരസമിതി.
Tags : Local News Nattuvishesham relocated Protest enters third month