ലഹരിവിരുദ്ധ ഫ്ളാഷ് മോബ്.
പായിപ്പാട്: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നയിച്ച തൂഫാന് ജാഗരണ്‍ റാലിയും ജനസദസും ലഹരി മാഫിയയ്ക്കെതിരേ കനത്ത താക്കീതായി. പരിപാടി ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. റാലി ആരംഭിച്ച പായിപ്പാട് കൊച്ചുപള്ളി ജംഗ്ഷനിലേക്ക് വിദ്യാര്‍ഥികളടങ്ങുന്ന വലിയ ജനാവലി അതിരാവിലെതന്നെ എത്തിയിരുന്നു. സമ്മേളനം നടന്ന പായിപ്പാട് കവലയിലെ നക്ഷത്ര ഓഡിറ്റോറിയം വരെ റാലിയിലെ ജനാവലി നീണ്ടു. സമ്മേളനവും റാലിയും ലഹരി വിപത്തിനെതിരേയുള്ള ജനമുന്നേറ്റമായി. ലഹരിക്കെതിരേയുള്ള പോരാട്ടം ഓരോ കുടുംബത്തില്‍നിന്നും ആരംഭിക്കണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
വിവിധ രാഷ്്ട്രീയ സാമുദായിക നേതാക്കളായ സിറാജുദ്ദീന് അല്‍ കാസിം, എ. മനോജ്, ബാലചന്ദ്രന് തയ്യാട്ട്, സന്തോഷ്, എ.കെ. രഘു, എം.കെ. ജയേഷ്കുമാര്‍, കെ.എ. ജോസഫ്, മാത്തുക്കുട്ടി പ്ലാത്താനം, പി.എം. കബീര്‍, നിസാര്‍ കൊച്ചുപറമ്പ് എന്നിവര്‍ സമ്മേളനത്തിന് ആശംസകളര്‍പ്പിച്ചു.
കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, അങ്കണവാടി ജീവനക്കാര്‍, ഹരിതകർമസേനാംഗങ്ങൾ, സ്റ്റുഡന്റ് പോലീസ്, എന്‍സിസി കേഡറ്റുകള്‍ തുടങ്ങിയവര്‍ യൂണിഫോമുകളണിഞ്ഞ് പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് റാലിയില്‍ അണിനിരന്നത്. നടത്തിപ്പിലെ മികവും അച്ചടക്കവുംകൊണ്ട് റാലിയും സമ്മേളനവും ആകര്‍ഷകമായി.
ചാഞ്ഞോടി ഇടവകയിലെ യുവജനങ്ങളുടെ ഫ്ളാഷ്മോബ് സന്ദേശമായി
തൂഫാന് ജാഗരണ്‍ റാലി പായിപ്പാട് കവലയിലെത്തിയപ്പോള്‍ ചാഞ്ഞോടി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലെ യുവദീപ്തി-എസ്എംവൈഎം പ്രവര്‍ത്തകരും സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ഥികളും അവതരിപ്പിച്ച ലഹരിവിരുദ്ധ ഫ്ളാഷ് മോബ് സന്ദേശമായി.
ജില്ലാ പോലീസ്, ചങ്ങനാശേരി പോലീസ് സ്റ്റേഷന്, പായിപ്പാട്, തൃക്കൊടിത്താനം, മാടപ്പള്ളി പഞ്ചായത്തുകള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
അതിഥി തൊഴിലാളികളോട് ഹിന്ദി, ബംഗാളി ഭാഷകളില്‍ സംവദിച്ച് മന്ത്രി
*ഭായിമാരേ ലഹരിവിപത്തില്‍ വീഴരുത്. പായിപ്പാട് നക്ഷത്ര ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ പങ്കെടുത്ത അതിഥി തൊഴിലാളികളോട് മന്ത്രി രമേശ് ചെന്നിത്തല ഹിന്ദിയിലും ബംഗാളിയിലും സംവദിച്ചു. ലഹരി വസ്തുക്കള്‍ ഉപയോഗിക്കുകയോ വാഹകരാവുകയോ ചെയ്യരുത്. ഇവിടെ ജോലി ചെയ്ത് സമ്പാദിക്കുന്ന പണം കുടുംബത്തിനുവേണ്ടി ചെലവഴിക്കണം. ലഹരിക്കെതിരേ നടത്തുന്ന പോരാട്ടത്തില്‍ സര്‍ക്കാരിനോടോപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. ഇതരസംസ്ഥാന തൊഴിലാളികള്‍ റാലിയിലും സമ്മേളനത്തിലും പങ്കെടുത്തത് വലിയ സന്ദേശമാണെന്നും മന്ത്രി പറഞ്ഞു.