ആലപ്പുഴ: വൈഎംസിഎ ഭാഗത്ത് കാർയാത്രികനെ തടഞ്ഞ് നിർത്തി പണം ആവശ്യപ്പെടുകയും ഇത് ചോദ്യംചെയ്തതിനെത്തുടർന്ന് ഇയാളുടെ സ്വർണമാല പൊട്ടിച്ചെടുക്കുകയും ചെയ്ത സംഭവത്തിൽ ആലപ്പുഴ നോർത്ത് പോലീസ് രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തു.
15ന് രാത്രിയാണ് ടൗണിൽ സാധനങ്ങൾ വാങ്ങാനെത്തിയ ആലപ്പുഴ സ്റ്റേഡിയം വാർഡിൽ സുനിൽകുമാറിന് ദുരനുഭവം ഉണ്ടായത്. ആദ്യം പണം ആവശ്യപ്പെടുകയും ഇത് നൽകാതിരുന്നതിനെത്തുടർന്ന് ഇയാളുടെ സ്വർണമാല പൊട്ടിച്ചെടുക്കുകയുമായിരുന്നു. പിന്നീട് ഭയന്നുപോയ കാറുകാരൻ 7000 രൂപ നൽകിയതിനെത്തുടർന്നാണ് അക്രമികൾ മാല തിരികെ നൽകിയത്.
സംഭവശേഷം പോലീസിൽ പരാതി നൽകുകയും തുടർന്ന് കേസെടുത്തു നടത്തിയ അന്വേഷണത്തിൽ മണ്ണഞ്ചേരി പഞ്ചായത്ത് ഒക്കലയിൽ വീട്ടിൽ ഉദീഷ് (26), ആര്യാട് പഞ്ചായത്തിൽ പുതുവൽ വടക്കേവെളി വീട്ടിൽ രാജീവ് (41) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ ഇരുവരും സമാനമായ കേസുകളിൽ പെട്ടവരാണെന്നും അടുത്തകാലത്തു മറ്റൊരുകേസിൽ ജയിൽവാസത്തിനു ശേഷം ഇറങ്ങിയവരാണെന്നും ഉദീഷ് കാപ്പകേസിൽ ഉൾപ്പെടെ പ്രതിയാണെന്നും നോർത്ത് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്എച്ച്ഒ എം.കെ. രാജേഷ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
Tags : nattu vishesham gold and money stolen