പോലീസ് കേസെടുക്കുന്നില്ലെന്ന് ആരോപണം
പൂവാർ: പൂവാർ തീരങ്ങളിൽ വിനോദ സഞ്ചാരത്തിനെത്തുന്നവരോട് മേഖലയിലെ ബോട്ട് ഡ്രൈവർമാർ അപമര്യാദയായി പെരുമാറുന്ന സംഭവങ്ങൾ പെരുകുന്നതായി ആക്ഷേപം. അടുത്ത കാലത്തായി നിരവധി സംഭവങ്ങൾ അരങ്ങേറിയെങ്കിലും പോലീസ് കേസെടുത്തില്ലെന്നും പരാതി.
നെയ്യാറിൽ ബോട്ടുസവാരി നടത്താനും പൊഴിക്കര പൊഴിമുഖത്തിന്റെ സൗന്ദര്യം ആസ്വാദിക്കാനും ദിനംപ്രതി നിരവധി പേരാണെത്തുന്നത്. എന്നാൽ ബോട്ട് സവാരിക്കെത്തുന്നവരോട് ഡ്രൈവർമാരുടെ മോശം പെരുമാറ്റം പേരുദോഷത്തിനു വഴിവച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഏഴുവയസുകാരിയോട് അപമര്യാദയായി പെരുമാറിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൂവാർ പോലീസ് ഒരാളെ പിടികൂടിയെങ്കിലും പരാതിക്കാരില്ലെന്നു പറഞ്ഞു വെറുതെവിട്ടു.
സാധാരണ ബോട്ടു ക്ലബിൽ സവാരിക്കെത്തുന്നവരുടെ പേര് വിവരങ്ങൾ എഴുതി വയ്ക്കുന്നതു പതിവാണെന്നു പറയപ്പെടുന്നു. ഈ വിവരങ്ങൾ ഉണ്ടായിരുന്നിട്ടും സംഭവത്തിൽ കേസെടുക്കുന്നതിൽ പൂവാർ പോലീസ് അലംഭാവം കാണിച്ചുവെന്നും ആക്ഷേപമുണ്ട്. ആറുമാസം മുമ്പ് മലയാളി പെൺകുട്ടിയെ ബോട്ട് ഡ്രൈവർ കയറി പിടിക്കാൻ ശ്രമിച്ച സംഭവം ക്ലബ് ഉടമകൾ ഒതുക്കി തീർത്തിരുന്നു. അന്യരാജ്യങ്ങളിൽനിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തുന്നവരെയും വെറുതേവിടുന്നില്ലെന്നും പരാതിയുണ്ട്. സഞ്ചാരികൾ അപ്പോൾ പ്രതികരിക്കുമെങ്കിലും കേസിന്റെ നൂലാമാലകളിൽപ്പെട്ടു സമയം കളയാൻ തയാറാക്കാത്തതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണമാകുന്നത്.
പൂവാർ, കുളത്തൂർ പഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന മുപ്പത്തിലധികം ബോട്ട് ക്ലബുകളുണ്ടെങ്കിലും ഭൂരിഭാഗം ബോട്ട് ഡ്രൈവർമാരും ക്രിമിനൽ സ്വഭാവമുള്ളവരും നിരവധി പോലീസ് കേസുകളിൽ ഉൾപ്പെട്ടവരുമാണെന്നും ആക്ഷേ മുണ്ട്. ആറുമാസത്തിന് മുമ്പ് പൂവാറിൽ ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിൽ ബോട്ട് ഡ്രൈവർമാരുടെ പക്കൽനിന്നും ലഹരിവസ്തുക്കളും പിടിച്ചിരുന്നു.
രണ്ടാഴ്ചയ്ക്കിടെ പൂവാർ ബാറിൽ ബോട്ട് ഡ്രൈവർമാരും ഉച്ചക്കടയിൽ നിന്നെത്തിയ യുവാക്കളും തമ്മിൽ സംഘർഷം നടന്നിരന്നു. സംഭവത്തിൽ പൂവാർ പോലീസ് കേസെടുത്തെങ്കിലും ഇരുക്കുട്ടരും സംഭവം ഒത്തുതീർപ്പിലെത്തി. വലപ്പോഴും പൂവാർ പോലീസ് ബോട്ട് ക്ലബുകളിൽ അടിയന്തിര പരിശോധന നടത്താൻ ഇറങ്ങുമെങ്കിലും തൊട്ടുമുമ്പുതന്നെ വിവരം ക്ലബുകളുടെ വാട്സ്ആപ് ഗ്രൂപ്പുകളിൽ ലഭിക്കും. ഇതോടെ പോലീസ് പരിശോധന പ്രഹസനമായി മാറുമെന്നും പ്രദേശവാസികൾ വ്യക്തമാക്കുന്നു.
Tags : Local News Nattuvishesham Thiruvananthapuram