ദേശീയപാതയ്ക്കരികിലെ താത്കാലിക ടവർ നിർമാണം.
തുറവൂർ: അരൂർ-തുറവൂർ ഉയരപ്പാത നിർമാണം പൂർത്തിയാകൽ ഇനിയും വൈകും. ദേശീയപാത മറികടക്കുന്ന ടവർ ലൈൻ ഉയർത്താൻ വൈകുന്നതാണ് കാരണം. ഉയരപ്പാതയുടെ നിർമാണ പൂർത്തീകരണ കരാർ കാലാവധി മൂന്നു വർഷമാണ്. ഫെബ്രുവരിയിൽ കരാർ കാലാവധി അവസാനിച്ചു. മേയ് മാസത്തോടെ പദ്ധതി പൂർത്തീകരിക്കുമെന്ന് ഇപ്പോൾ അധികൃതർ പറയുന്നുണ്ടെങ്കിലും പിന്നെയും വൈകാനാണ് സാധ്യത. ഡിസംബറോടെ പണിപൂർത്തീകരിക്കാൻ കഴിയുമെന്നാണ് സൂചന. അടുത്തവർഷത്തേക്ക് നീളാനും സാധ്യതയുണ്ട്.
2023ലാണ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 12.75 കിലോമീറ്റർ നീളമുള്ള ഈ പാത, ദേശീയപാത 66ന്റെ ഭാഗമായി, അരൂർ ബൈപാസ് ജംഗ്ഷനിൽനിന്ന് ആരംഭിച്ച് തുറവൂരിന് തെക്ക് വരെയാണ് നിർമിക്കുന്നത്. പാത അവസാനിക്കുന്ന തുറവൂരിലും ആരംഭിക്കുന്ന അരൂരിലും ലാൻഡിംഗ് പ്രവൃത്തി നടത്തിയിട്ടില്ല. പാതയുടെ ഇരുവശങ്ങളിലെയും കാനനിർമാണവും പൂർത്തിയാകാനുണ്ട്. കാന നിർമാണത്തെക്കുറിച്ച് നാട്ടുകാർക്കുള്ള പരാതികൾ പരിഹരിച്ചിട്ടില്ല.
ഏറ്റവും പ്രധാനമായി ഉയരപ്പാത ഇപ്പോഴും പൂർത്തിയാകാതെ വിടവോടെയാണ് കിടക്കുന്നത്. അരൂർ മുതൽ തുറവൂർ വരെ 12.75 കിലോമീറ്റർ ദൂരത്തിലുള്ള ഉയരപ്പാത രാജ്യത്തിലെ ഏറ്റവും നീളം കൂടിയ ഉയരപ്പാതയാണ്. 25, 26, 27 നമ്പരുകളുള്ള തൂണുകളുടെ മുകളിലെ നിര്‍മാണം ടവർ ലൈൻ ഉയർത്താത്തതു മൂലമാണ് ഉയരപ്പാത നിർമാണം ഇനിയും താമസിക്കാൻ കാരണം.
ഇആര്‍എസ് സംവിധാനത്തിനായി 16 താത്കാലിക ടവറുകള്‍ ഒരുക്കുന്നുണ്ട്. വൈദ്യുതി ബോർഡിൽ കരാർ അനുസരിച്ച് പണികളുടെ മുഴുവൻ തുകയും കരാർ കമ്പനി അടച്ചിട്ടുള്ളതാണ്. എന്നാൽ സങ്കീർണമായ ഇലക്ട്രിക് വർക്കുകൾ ചെയ്യാനുള്ള കാലതാമസമാണ് ടവർ ലൈൻ ഉയർത്തുന്നത് താമസിക്കാൻ കാരണമെന്നാണ് പറയുന്നത്.
അരൂർ ബൈപാസിനടിയിൽ ഉണ്ടായിരുന്ന ടവർ ലൈൻ ഉയർത്തുന്ന ജോലികൾ പൂർത്തിയാക്കിക്കഴിഞ്ഞു. ഇനി പണികൾ നടക്കേണ്ടത് എസ്എൻ നഗറിന് സമീപമാണ്. ദേശീയപാതയ്ക്കു കുറുകെ 110 കെവി പ്രസരണ ലൈന്‍ ഉയര്‍ത്തുന്ന ജോലികളാണ് നടക്കേണ്ടത്.
കളമശേരിയില്‍നിന്നും പുന്നപ്രയില്നിന്നുമുള്ള ഈ രണ്ട് ലൈനുകളിലൊന്ന് അരൂര്‍ ബൈപാസ് ജംഗ്ഷനിലും ഒന്ന് അരൂര്‍ എസ്എന്‍ നഗറിന് സമീപവുമാണ് പാതയ്ക്കു കുറുകെ കടന്നുപോകുന്നത്. ഇതില്‍ ബൈപാസ് ജംഗ്ഷനിലെ ജോലികള്‍ പൂർത്തിയായി കഴിഞ്ഞു. എമര്‍ജന്‍സി റസ്റ്റൊറേഷന്‍ സിസ്റ്റം (ഇആര്‍എസ്) അഴിച്ച് എസ്എന്‍ നഗറില്‍ സ്ഥാപിക്കേണ്ടതുണ്ട്. വൈദ്യുതി വിതരണം തടസപ്പെടാതെ പ്രസരണ ലൈന്‍ ഉയര്‍ത്തുന്നതിനുള്ള സംവിധാനമാണിത്.
നിലവില്‍ എസ്എന്‍ നഗറിന് സമീപം ലൈന്‍ ഉയര്‍ത്തുന്നതിനായി നാല് ടവറുകള്‍ സ്ഥിരമായി നിര്‍മിക്കുന്ന ജോലികൾ നടക്കുന്നുണ്ട്. ഇതിനൊപ്പം ഇആര്‍എസ് എന്ന താത്കാലിക സംവിധാനം ഒരുക്കുന്നതിനായി മറ്റ് 16 ടവറുകള്‍ കൂടി നിർമിക്കണം. താരതമ്യേന വലിപ്പം കുറഞ്ഞ ഈ ടവറുകളിലൂടെ കടന്നുപോകുന്ന ഇആര്‍എസ് സംവിധാനമാകും ലോഡ്ഷെഡിംഗ് അടക്കം ഒഴിവാക്കിയുള്ള നിര്‍മാണജോലികള്‍ക്ക് വഴിയൊരുക്കുക. ഈ ടവറുകള്‍ ജോലികള്‍ പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് ലൈനുകൾ അഴിച്ചുമാറ്റി താത്കാലിക ടവറുകളിലേക്ക് സ്ഥാപിക്കും. തുടർന്ന് നിലവിലുള്ള ടവറുകളുടെ ഉയരം കൂട്ടി ലൈനുകൾ മാറ്റിസ്ഥാപിക്കും. ഈ ജോലികൾക്ക് സമയം ഏറെ എടുക്കുമെന്നാണ് സൂചന.
25, 26, 27 തൂണുകള്‍ക്ക് മുകളില്‍ വി ക്യാപ്പോ, ഗര്ഡറോ ഒന്നും സ്ഥാപിച്ചിട്ടില്ല. ഇതിനു കാരണം മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതി പ്രസരണ ലൈനാണ്.