കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡിലെ കടകള് ഷട്ടര് പൂട്ടിയ നിലയില്.
കോട്ടയം: ഓണത്തിനും തിരുനക്കര ബസ് സ്റ്റാന്ഡില് കടകള് തുറക്കാന് സാധിക്കാതെ വ്യാപാരികള്.
തിരുനക്കരയിലെ ബസ് സ്റ്റാന്ഡിനുള്ളില് നിര്മിച്ച താത്കാലിക കടകളാണു തുറക്കാന് സാധിക്കാത 36 വ്യാപാരികള് ബുദ്ധിമുട്ടിലായിരിക്കുന്നത്.
2025 ജൂണ് 17നാണു ബസ് സ്റ്റാന്ഡില്നിന്ന് ഒഴിപ്പിച്ച വ്യാപാരികള്ക്ക് താത്കാലിക കടമുറികള് പണിയാന് ഹൈക്കോടതി അനുമതി നല്കിയത്. എന്നാല് ഡിസംബറില് കാലാവധി കഴിയുന്നതു വരെ അന്നത്തെ ഭരണാസമിതി കോടതി ഉത്തരവ് കൗണ്സിലില് ചര്ച്ചയ്ക്കു വച്ചില്ല. തുടര്ന്നു കൗണ്സിലിന്റെ കാലാവധി കഴിഞ്ഞതോടെ സെക്രട്ടറിയുടെ നിര്ദേശപ്രകാരം നഗരസഭയുടെ കെട്ടിടനിര്മാണ വിഭാഗം സ്ഥലപരിശോധന നടത്തി 36 കടമുറികള് പണിയാന് അനുമതി നല്കി. കടമുറികളുടെ നിര്മാണം പകുതിയായപ്പോള് നഗരസഭയില്നിന്നു സ്റ്റോപ്പ് മെമ്മോ നല്കി.
തുടര്ന്നു കെട്ടിടനിര്മാണ വിഭാഗം അംഗീകരിച്ച പ്ലാനില് പണിത കെട്ടിടത്തിന്റെ പകുതി ഭാഗം ചെയര്മാന് ഇടപെട്ടു പൊളിച്ചുമാറ്റിച്ചു. പൊളിച്ച ഭാഗം ചെയര്മാന്റെ നിര്ദേശപ്രകാരം വീണ്ടും പണിയിച്ചു. 36 വ്യാപാരികളും ഒരു ലക്ഷം രൂപയ്ക്കു മുകളില് മുതല്മുടക്കിയാണ് താത്കാലിക കടമുറികള് പൂര്ത്തിയാക്കിയത്. എന്നാല് ഓരോരുത്തരും നിര്മിച്ച കടമുറികള്, ആര്ക്കു കൊടുക്കണമെന്നും, അതിന്റെ നമ്പറുകള്, വാടക എന്നിവ നഗരസഭ തീരുമാനിച്ചശേഷം മാത്രം കടകള് തുറന്നാല് മതിയെന്നാണ് ചെയര്മാന്റെയും നഗരസഭാ ഭരണസമിതിയുടെയും നിര്ദേശം.
ഒരുവര്ഷത്തേക്കാണ് കടമുറികള് ജനുവരിയില് അനുവദിച്ചത്. ഇപ്പോള് എട്ടു മാസം കഴിഞ്ഞു. ഇനി കട തുറക്കാന് നഗരസഭയുടെ അനുമതി എന്നു കിട്ടുമെന്നറിയില്ല. അടിയന്തരമായി കടമുറികള് തുറക്കാനുള്ള നിര്ദേശം നഗരസഭയുടെ ഭാഗത്തു നിന്നുമുണ്ടാകണമെന്ന് വ്യാപാരികള് ആവശ്യപ്പെട്ടു.