തൊടുപുഴ: നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി നഗരസഭയില്‍ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയോഗം ചേര്‍ന്നു. ചെയര്‍പേഴ്സണ്‍ സാബിറ ജലീല്‍ അധ്യക്ഷത വഹിച്ചു. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് യോഗത്തില്‍ പങ്കെടുത്തു. പോലീസ്, മോട്ടോര്‍ വെഹിക്കിള്‍, റവന്യൂ, പൊതുമരാമത്ത് വകുപ്പ് ജീവനക്കാര്‍ക്കു പുറമേ നഗരസഭാ ജീവനക്കാരും, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരും കൗണ്‍സിലര്‍മാരും യോഗത്തില്‍ പങ്കെടുത്തു.
ട്രാഫിക് റഗുലേറ്ററി കമ്മിറ്റി തീരുമാനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുന്നില്ലെന്ന് വിമര്‍ശനം ഉയരുന്നതിനിടെയാണ് ചീഫ് വിപ്പിന്റെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നത്. പൊതുമരാമത്ത് വകുപ്പ് ചെയ്യേണ്ട കാര്യങ്ങളില്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും എന്നാല്‍, ഫണ്ടില്ലാത്തത് പ്രതിസന്ധിയാണെന്നും ഉദ്യോഗസ്ഥന് യോഗത്തില്‍ അറിയിച്ചു.
ഗതാഗതകുരുക്ക് രൂക്ഷമായ ഇടുക്കി റോഡില്‍ സെന്റ് മേരീസ് ആശുപത്രിക്കു സമീപത്തെ കമാനം മാറ്റാന്‍ പൊതുമരാമത്തു വകുപ്പ് അധികൃതര്‍ നടപടിയെടുത്തിട്ടില്ല. ഇതിനായി ക്വട്ടേഷന്‍ നല്‍കിയെങ്കിലും ആരും ഏറ്റെടുക്കുന്നില്ലാത്തതിനാല് റണ്ണിംഗ് കോണ്ട്രാക്ടില് ഉള്‍പ്പെടുത്തി പൊളിക്കണമെന്നും ഇതിനായി എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ക്ക് പ്രൊപ്പോസല്‍ നല്‍കിയതായും ഇവര്‍ പറഞ്ഞു.
മോര് ജംഗ്ഷനിലെ അപകടാവസ്ഥയിലായ സ്ലാബ് മാറ്റിയിടാന്‍പോലും വൈകിയത് പണമില്ലാത്തതിനാലാണെന്നാണ് പിഡബ്ല്യുഡി പറയുന്നത്. നഗരത്തില്‍ ഗതാഗതപരിഷ്കരണം നടപ്പാകണമെങ്കില്‍ 35 ലക്ഷംരൂപ ചെലവാകുമെന്നാണ് വകുപ്പിന്റെ വാദം. ഓട ശുചീകരിക്കുന്നതിന്റെ ഭാഗമായി നീക്കിയസ്ലാബുകള് പുനഃസ്ഥാപിക്കാന്‍ പൊതുമരാമത്ത് വകുപ്പ് സഹകരിക്കുന്നില്ലെന്ന പരാതിയും നഗരസഭാ ജീവനക്കാര്‍ യോഗത്തില്‍ ഉന്നയിച്ചു.
വൈദ്യുതി വകുപ്പാകട്ടെ യോഗത്തില്‍ പ്രതിനിധിയെ അയച്ചില്ല. റോഡരികിലുള്ള അപകടാവസ്ഥയിലായ വൈദ്യുതി പോസ്റ്റുകള്‍ മാറ്റണമെന്നത് അടക്കമുള്ള കാര്യങ്ങള്‍ കഴിഞ്ഞമാസം 11ന് നടന്ന യോഗത്തില്‍ ചര്‍ച്ചചെയ്തതാണെങ്കിലും ഇതിന്റെ തുടര്‍നടപടി വിശദീകരിക്കാന്‍ പോലും ആരും എത്തിയില്ല. നഗരത്തിലെ ഗതാഗതപ്രശ്നങ്ങള്‍ കുറയ്ക്കുന്നതിനായി വിവിധ നിര്‍ദേശങ്ങളും യോഗത്തില്‍ ഉയര്‍ന്നുവന്നു.
തൊടുപുഴ മുട്ടം റോഡില്‍ സിറ്റി സര്‍വീസ് പരിഗണിക്കും. വെങ്ങല്ലൂരില്‍ ട്രാഫിക് സിഗ്നലിന്റെ സമയദൈര്‍ഘ്യം കുറഞ്ഞത് പരിശോധിക്കും. ന്യൂമാന്‍ കോളജ് ജംഗ്ഷനിലും വെങ്ങല്ലൂര്‍ ബ്രാഹ്മിണ്‍സ് ജംഗ്ഷനിലും വേഗനിയന്ത്രണത്തിനായി റംബിള്‍ സ്ട്രിപ്പ് സ്ഥാപിക്കും, നഗരത്തിലെ സീബ്രാലൈനുകള്‍ തെളിക്കും, ഇടുക്കി റോഡിലെ ബസ് സ്റ്റോപ്പ് നിലവിലുള്ള സ്ഥലത്തുനിന്നു മുന്നോട്ടു മാറ്റിസ്ഥാപിക്കും എന്നിവയാണ് യോഗത്തിലെടുത്ത തീരുമാനങ്ങള്‍.