അഞ്ചല്‍ : മലയോര ഹൈവേയില്‍ അഞ്ചല്‍ കുളത്തൂപ്പുഴ പാതയില്‍ ഇരുവശത്തും അനധികൃതമായി ഇട്ടിരിക്കുന്ന കൂറ്റന്‍ തടിക്കഷ്ണങ്ങൾ വാഹനങ്ങള്‍ക്കും വാഹന - കാല്‍നടയാത്രികര്‍ക്കും ഭീഷണിയാകുന്നു.
മറ്റിടങ്ങളില്‍ നിന്ന് ലേലത്തിനൊ വിലയ്ക്കോ വാങ്ങുന്ന വലിയ തടികള്‍ പാതയുടെ വശത്ത് ഇറക്കിയിട്ടിരിക്കുകയാണ്. വലിയ ലോറികളില്‍ കയറ്റികൊണ്ടു പോകാനാണ് ഇറക്കിയിട്ടിരിക്കുന്നത്.
ആദ്യകാലത്ത് തടിയിറക്കിയാല് ഉടന്‍ ലോറിയില്‍ കയറ്റി കൊണ്ടുപോകുമായിരുന്നു. എന്നാൽ ഇപ്പോൾ മാസങ്ങള്‍ കഴിഞ്ഞാലും വലിയ തടികള്‍ പാതയോരത്ത് നിന്നു നീക്കം ചെയ്യുന്നില്ല.
വലിയ മില്‍ ഉടമകള്‍ പോലും തടികള്‍ വാങ്ങിയ ശേഷം മുറിച്ച് പാതയോരത്ത് ഇറക്കിയിട്ടിരിക്കുകയാണ്. മില്ലുകാരും തടി മില്ലിലേക്ക് മാറ്റുന്നില്ല. കുളത്തൂപ്പുഴ, ഏരൂര്‍, അഞ്ചല്‍, അലയമണ്‍ പഞ്ചായത്തുകളുടെ പ്രധാന പാതകളിലും ചില ഇടറോഡുകളിലും ഇത്തരത്തില്‍ കൈയേറി തടി ഇട്ടിട്ടുണ്ട്.
കുളത്തൂപ്പുഴ ചന്ദനക്കാവില്‍ ജംഗ്ഷനും പള്ളിക്കുമിടയില്‍ വലിയ വളവില്‍ തടി കൂട്ടിയിട്ടിട്ടുണ്ട്.പലയിടത്തും പാതയോരത്ത് ഇറക്കിയ തടികള്‍ റോഡിലേക്കു വീണു കിടക്കുക യാണ്.
ഇത് വലിയ അപകട സാധ്യത ഉണ്ടാക്കുകയാണ്. ഭൂരിഭാഗം ഇടങ്ങളിലും സ്വകാര്യ വ്യക്തികള്‍ ഇത്തരത്തില്‍ തടിയിറക്കി ജനജീവിതത്തിന് ഭീഷണി ഉയര്‍ത്തുമ്പോള്‍ ഏരൂര്‍ പഞ്ചായത്തിലെ പഴയേരൂര്‍, കുളത്തൂപ്പുഴ പഞ്ചായത്തിലെ പതിനൊന്നാം മൈല്‍ ഉള്‍പ്പടെയുള്ള ഇടങ്ങളില്‍ കാണുന്ന കൂറ്റന്‍ തടി കഷ്ണങ്ങള്‍ സര്‍ക്കാര്‍ അനാസ്ഥയുടെ ബാക്കി പത്രങ്ങളാണ്.പാതയോരങ്ങളില്‍ അപകടാവസ്ഥയില്‍ നില്ക്കുന്ന കൂറ്റന്‍ മരങ്ങള്‍ പലതവണയായി മുറിച്ചിട്ടു. എന്നാല്‍ തടി നീക്കിയില്ല. ഈ തടികളും അപകടം ക്ഷണിച്ചു വരുത്താനായി കിടക്കുകയാണ്.
പാതയോട് ചേര്‍ന്നുകിടക്കുന്ന വലിയ മരത്തടികള്‍ കാടുകയറി മൂടി കിടക്കുകയാണ്. അവ വാഹനങ്ങള്‍ക്ക് കാണാന്‍ കഴിയാത്ത വിധമായിക്കഴിഞ്ഞു.
ഇവിടെ തടിയുണ്ടെന്ന് അറിയാന്‍ കഴിയാത്ത വാഹനങ്ങള്‍ ഇവയിലിടിച്ച് അപകടം പതിവാണ്.
വലിയ വാഹനങ്ങള്‍ക്ക് സൈഡ് നല്കവേ ഇരുചക്ര വാഹനങ്ങളാണ് തടിയില്‍ ഇടിച്ചു അപകടത്തില്‍പ്പെടുന്നത്.പാതയോരങ്ങളില്‍ ഇത്തരത്തില്‍ തടികള്‍ ഇടാന്‍ പാടില്ലെന്നു സര്‍ക്കാര്‍ ഉത്തരവും കോടതി വിധികളും നിലനില്‍ക്കെയാണ് ജനങ്ങളുടെ ജീവന് ഭീഷണിയാകും വിധം നിയമലംഘനം വ്യാപകമായി നടക്കുന്നത്. നടപടി എടുക്കേണ്ട പഞ്ചായത്തോ പൊതുമരാമത്ത് വകുപ്പോ നിരവധി പരാതികള്‍ ലഭിച്ചിട്ടും യാതൊരുവിധ നടപടിയും സ്വീകരിക്കാതെ നിയമലംഘകര്‍ക്ക് കുടപിടിക്കുകയാണ്. ഇതോടെ നാട്ടുകാര്‍ വലിയ പ്രതിഷേധത്തിലേക്ക് നീങ്ങുന്നതിനൊപ്പം നിയമനടപടികളിലേക്ക് കൂടി നീങ്ങാനുള്ള തയാറെടുപ്പിലാണ്.