തിങ്ങിനിറഞ്ഞ ചാലക്കുടി - മലക്കപ്പാറ കെഎസ്ആർടിസി ബസ്.
സ്വന്തം ലേഖകൻ
തൃശൂർ: ചാലക്കുടി - മലക്കപ്പാറ കെഎസ്ആർടിസി ബസുകൾ ഓടുന്നതു ദുരന്തത്തിലേക്കെന്നു ജീവനക്കാരുടെ മുന്നറിയിപ്പ്. നിയമപ്രകാരം കൊണ്ടുപോകാവുന്ന എണ്ണത്തിന്റെ ഇരട്ടി യാത്രക്കാരുമായാണു യാത്രയെന്നും പ്രിയദർശിനി സൗജന്യയാത്ര വന്നശേഷമാണു ക്രമാതീതമായ വർധനയെന്നും ഇൻഡിപ്പെൻഡന്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് ഫെഡറേഷൻ ഗതാഗതമന്ത്രിക്കും കെഎസ്ആർടിസി സിഎംഡിക്കും ചാലക്കുടി യൂണിറ്റ് അധികൃതർക്കും നൽകിയ പരാതിയിൽ പറഞ്ഞു.
നിയപ്രകാരം കൊണ്ടുപോകാവുന്ന പരമാവധി യാത്രക്കാ രുടെ എണ്ണം 64 ആണ്. 120ൽ അധികം യാത്രക്കാരുമായാണ് 27നു രാവിലെ 11ന് ചാലക്കുടി-മലക്കപ്പാറ സർവീസ് നടത്തിയത്. ഇതിൽ 90 ശതമാനവും വനിതകളാണ്. അതിരപ്പിള്ളി മുതൽ മലക്കപ്പാറ വരെയുള്ള 70 കിലോമീറ്റർ ഒറ്റവരിപ്പാതയാണ്.
ഒരുവശം വലിയ കൊക്കകളുള്ള പാതയിൽ ഒന്പതു ഹെയർപിൻ വളവുകളുണ്ട്. ഓരോ വളവും കടക്കാൻ രണ്ടുവട്ടമെങ്കിലും ബസ് പിന്നോട്ടെടുക്കണം. ഓവർലോഡ് കാരണം പിന്നോട്ടെടുക്കുന്പോൾ ബ്രേക്ക് കിട്ടുന്നില്ലെന്നു ഡ്രൈവർമാർ പറഞ്ഞു. മറ്റു വാഹനങ്ങൾക്കു വഴികൊടുക്കുന്പോൾ മണ്ണിടിഞ്ഞ് അപകടത്തിനിടയാക്കും.
ചാലക്കുടിയിൽനിന്നു മലക്കപ്പാറയിലേക്ക് പ്രതിദിനം നാലു കെഎസ്ആർടിസി ബസുകളാണ് ഓടുന്നത്. ഇതിലേറെയും 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ളതാണ്. ഒരു ബസിൽ പരമാവധി യാത്രക്കാരുടെ എണ്ണം എത്രയെന്നു വ്യക്തമാക്കി ബോർഡ് വയ്ക്കണം. തിരക്കു നിയന്ത്രിക്കാൻ കൂടുതൽ ബസുകൾ ഈ റൂട്ടിൽ ഓടിക്കണമെന്നും അടിയന്തര നടപടിയെടുത്തില്ലെങ്കിൽ വൻദുരന്തമുണ്ടാകാൻ സാധ്യതയുണ്ടെന്നും ജീവനക്കാർ മുന്നറിയിപ്പ് നൽകി.
Tags : nattuvishesham district news