തൃശൂർ: തൃശൂരിന്റെ സമഗ്രവികസനത്തിനു തൃശിവപേരൂർ പാക്കേജ് പ്രഖ്യാപിക്കണമെന്നു ധനകാര്യമന്ത്രികൂടിയായ മുഖ്യമന്ത്രിയോട് രാജൻ ജെ. പല്ലൻ എംഎൽഎ ആവശ്യപ്പെട്ടു. ബൈപാസ് ഇല്ലാത്ത കേരളത്തിലെ ഏക കോർപറേഷൻ തൃശൂരാണ്.
യുഡിഎഫ് ഭരണകാലത്തു ബജറ്റിൽ തുക ഉൾപ്പെടുത്തിയ എൻഎച്ച് 544- എൻഎച്ച് 66 എന്നിവ തമ്മിൽ ബന്ധിപ്പിക്കുന്ന മണ്ണുത്തി-അമലനഗർ ലിങ്ക് ബൈപാസ് പദ്ധതി അനുവദിക്കണം. മുംബൈ- പൂനെ നഗരമാതൃകയിൽ എറണാകുളം - തൃശൂർ നഗരങ്ങൾ ട്വിൻ സിറ്റിയായി വികസിപ്പിക്കണം. അതിനായി കൊച്ചി മെട്രോ തൃശൂരിലേക്കു നീട്ടണം. ഇതിനു കാലതാമസമുണ്ടെങ്കിൽ തൃശൂരിൽ ലൈറ്റ് മെട്രോ നടപ്പാക്കാൻ സാധ്യതാപഠനം നടത്തണം.
തൃശൂർ പൂരത്തിനു പ്രത്യേക സാന്പത്തിക പാക്കേജ്, വടക്കുന്നാഥൻ- പാറമേക്കാവ്- തിരുവന്പാടി- തൃപ്രയാർ- കൂടൽമാണിക്യം- കൊടുങ്ങല്ലൂർ- ഗുരുവായൂർ തീർഥാടനകേന്ദ്രങ്ങൾ കൂട്ടിയിണക്കി ടൂറിസം സർക്യൂട്ട്, പുലികളി ടീമിനു രണ്ടുലക്ഷം വീതം സാന്പത്തികസഹായം എന്നിവയും അനുവദിക്കണം.
കോർപറേഷനിൽനിന്ന് വൈദ്യുതി - ജനറൽ വിഭാഗങ്ങളിൽ വിരമിച്ചവർക്കു പെൻഷൻ കൊടുത്ത വകയിൽ നൽകാനുള്ള 200 കോടി അനുവദിക്കണം, സംസ്ഥാനത്തിന്റെ മധ്യഭാഗത്തുള്ള തൃശൂരിലെ പ്ലാൻഡ് സിറ്റിയാക്കി മാറ്റാൻ ആസൂത്രണവും സാന്പത്തികവും അനുവദിക്കണം, തേറന്പിൽ രാമകൃഷ്ണൻ എംഎൽഎ ആയിരുന്ന സമയത്ത് ആരംഭിച്ച വികസനപദ്ധതികൾ പൂർത്തിയാക്കാൻ പാക്കേജ് പ്രഖ്യാപിക്കണം എന്നീ ആവശ്യങ്ങളും എംഎൽഎ ഉന്നയിച്ചു.