പ്രതീകാത്മക ചിത്രം
കണ്ണൂർ: നഗരസഭാ പരിധിയിൽ പ്രവർത്തിക്കുന്ന എല്ലാ വാണിജ്യ സ്പോർട്സ് ടർഫുകളുടെയും പ്രവർത്തന സമയം രാവിലെ അഞ്ചു മുതൽ രാത്രി 10 വരെ നിജപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അഗം കെ. ബൈജുനാഥ്.
ഇതിനുള്ള പ്രപ്പോസൽ നഗരസഭാ കൗൺസിലിൽ സമർപ്പിച്ച് കർശനമായി നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത കൗൺസിലിനെ ബോധ്യപ്പെടുത്തി തുടർനടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ നിർദേശിച്ചു. അലവിൽ പള്ളിയാംമൂലയിൽ പ്രവർത്തിക്കുന്ന ടർഫിന് നിയമപ്രകാരമുള്ള ലൈസൻസുണ്ടോയെന്ന് നഗരസഭ പരിശോധിക്കണം. ടർഫിൽ നിന്നു പന്തുകൾ പരാതിക്കാരിയായ കനകമ്മയുടെ വീട്ടിലെത്തുന്നത് തടയാൻ കർശനനടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ കണ്ണൂർ കോർപറേഷൻ സെക്രട്ടറിക്ക് നിർദേശം നൽകി. പരാതിക്കാരിയുടെ വീടിനോട് ചേർന്ന് പ്രവർത്തിക്കുന്ന ടർഫിൽ നിന്നു രാത്രി 10 ന് ശേഷം ബഹളമോ മൈക്ക് ഉപയോഗമോ ഉണ്ടാകാതിരിക്കാനുള്ള കർശന നിരീക്ഷണവും നിയമനടപടിയും സ്വീകരിക്കണമെന്ന് കമ്മീഷൻ സിറ്റി പോലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകി.
ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ രണ്ടു മാസത്തിനകം കമ്മീഷനിൽ സമർപ്പിക്കണം. പരാതിക്കാരിയുടെ മനുഷ്യാവകാശവും സമീപവാസികളുടെ സമാധാനപരമായ ജീവിതാവകാശവും സംരക്ഷിക്കണമെന്ന് കമ്മീഷൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി.
എല്ലാ ടർഫുകളും ശബ്ദമലിനീകരണ നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകൾക്ക് വിധേയമാണെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ കമ്മീഷനെ അറിയിച്ചു. രാവിലെ അഞ്ചിനും രാത്രി 10 നും ഇടയിൽ ടർഫുകളുടെ സമയം തിരുവനന്തപുരം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിജപ്പെടുത്തിയിട്ടുണ്ട്. ചില ജില്ലകളിൽ പരിമിതമായ ഇളവുകൾ അനുവദിച്ചിട്ടുണ്ടെങ്കിലും രാത്രി 10 ശേഷം ഫ്ലഡ് ലൈറ്റുകളോടുകൂടി ടർഫുകളുടെ പ്രവർത്തനം പൂർണമായി നിരോധിച്ചിട്ടുള്ളതായി ഉത്തരവിൽ പറഞ്ഞു.