കാണാതായ ജോൺ മത്യാസും ആന്റണിയും
നിരവധി പേർ ഉൾക്കടലിൽ കുടുങ്ങിയതായി മത്സ്യത്തൊഴിലാളികൾ
വിഴിഞ്ഞം : കാറ്റിലും കടൽ ക്ഷോഭത്തിലും പെട്ട് രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി. കടലിൽ അകപ്പെട്ട മൂന്ന് പേരെ തീരദേശ പൊലിസും മറൈൻ എൻഫോഴ്സ്മെന്റും രക്ഷപ്പെടുത്തി.
മറ്റ് നിരവധി പേർക്ക് മറ്റുവള്ളക്കാർ രക്ഷകരായി. നിരവധി പേർ ഉൾക്കടലിൽ ഇനിയും കുടുങ്ങിക്കിടക്കുന്നതായി മത്സ്യത്തൊഴിലാളികൾ. ഇന്നലെ വൈകുന്നേരം വരെയും ഉൾക്കടലിൽ പോയവരെക്കുറിച്ചുള്ള വ്യക്തത വരുത്താൻ അധികൃതർക്കായില്ല. അടിമലത്തുറ അമ്പലത്തും മൂല സ്വദേശി ആന്റണി (60) , പുല്ലുവിള ഇരയിമ്മൻ തുറ സ്വദേശി ജോൺ മത്യാസ് (63) എന്നിവരെയാണ് കാണാതായത്.
വള്ളം മറിഞ്ഞ് പരിക്കേറ്റ വലിയതുറ കൊച്ച് തോപ്പ് സ്വദേശികളായ ജോയി മാർക്കോസ് (57), റെക്സി (60), അഖിൽ (26) എന്നിവരെ തമിഴ്നാട് ട്രോളർ ബോട്ടുകാർ രക്ഷപ്പെടുത്തി. മത്സ്യബന്ധന സീസൺ ആയതിനാൽ ആയിരക്കണക്കിന് വള്ളങ്ങളാണ് മീൻ പിടുത്തത്തിനായി വിഴിഞ്ഞത്ത് നങ്കൂരമിട്ടിരുന്നത്. തെളിഞ്ഞ ആകാശുമായിരുന്നതിനാ വെള്ളിയാഴ്ച ഉച്ച മുതൽ നൂറ് കണക്കിന് വള്ളങ്ങൾ മീൻ പിടുത്തം ലക്ഷ്യമാക്കി കടലിൽ ഇറങ്ങിയിരുന്നു.
കാണാതായ ആന്റണി മൂത്ത മകൻ ബിനുവിന്റെ വള്ളത്തിൽ സഹപ്രവർത്തകരായ ക്ലീറ്റസ് ,മേരി ദാസൻ എന്നിവർക്കൊപ്പം വെള്ളിയാഴ്ച വൈകുന്നേരം നാലരയോടെയാണ് വിഴിഞ്ഞത്തു നിന്ന് പുറപ്പെട്ടത്. പുല്ലുവിള സ്വദേശി മനോജിന്റെ സെന്റ് ജേക്കബ്ബ് എന്ന വള്ളത്തിൽ വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോടെ മറ്റ് നാല് പേർക്കൊപ്പമാണ് ജോണി മത്യാസ് കടലിലേക്ക് പുറപ്പെട്ടത്. വിഴിഞ്ഞത്ത് നിന്ന് 18 കിലോമീറ്റർ തെക്ക് പടിഞ്ഞാറ് മാറി വലവിരിക്കുന്നതിനിടയിലുണ്ടായ കടൽക്ഷോഭത്തിൽ വള്ളം മറിഞ്ഞു.
നാല് പേരെ മറ്റ് വള്ളക്കാർ രക്ഷപ്പെടുത്തിയെങ്കിലും ജോണിയെ കാണാതാവുകയായിരുന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ പലരും വള്ളങ്ങളും, വലകളും എൻജിനും ഉപേക്ഷിച്ച് മടങ്ങിയതായി മത്സ്യത്തൊഴിലാളികൾ പറയുന്നു. ഒറ്റ ദിവസം കൊണ്ട് മീൻ പിടിത്തക്കാർക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടവുമുണ്ടായി. കാണാതായവർക്കായി മറൈൻ എൻഫോഴ്സ്മെന്റും തീരദേശ പൊലീസും തീരസംരക്ഷണ സേനയും ഇന്നലെ വൈകുന്നേരം വരെ നടത്തിയ തെരച്ചിലിലും കണ്ടെത്താനായില്ല.