വൈപ്പിൻ : മദ്യലഹരിയിൽ കാറോടിച്ച് മറ്റൊരു കാറിന്റെ പിന്നിൽ ഇടിപ്പിച്ച് അപകടമുണ്ടാക്കിയതിന് പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ എത്തിച്ച യൂബർ ടാക്സി ഡ്രൈവർ മുൻ കാപ്പ കേസ് പ്രതിയാണെന്ന് പോലീസ് തിരിച്ചറിഞ്ഞതോടെ സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടി. തുടർന്ന് ജീപ്പിൽ പിന്തുടർന്ന പോലീസ് ഇയാളെ വല്ലാർപാടം കണ്ടെയ്നർ റോഡ് ഭാഗത്തുനിന്ന് പിടികൂടി.
യൂബർ ടാക്സി ഡ്രൈവറായ തൃശൂർ കോതപറമ്പ് ആല സ്വദേശി വൈപ്പിപ്പാടത്ത് ഫാരിഷ് (38) ആണ് പിടിയിലായത്. ഇന്നലെ വൈകിട്ട് മുളവുകാട് പോലീസ് സ്റ്റേഷനിലാണ് സംഭവം. പിടിച്ച് സ്റ്റേഷനിൽ എത്തിക്കുന്നതിനിടെ ഇയാൾ ജീപ്പിന്റെ ഡോറും മറ്റും ചവിട്ടി കേടുപാട് വരുത്തി 10000 രൂപയോളം നഷ്ടം വരുത്തിയതായി പോലീസ് പറഞ്ഞു.
ഇയാൾക്കെതിരെ ആലുവ എറണാകുളം, തൃശൂർ മേഖലകളിലെ പോലീസ് സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ ഉണ്ട്. മാത്രമല്ല, കഴിഞ്ഞവർഷം ഇയാൾക്കെതിരെ കാപ്പയും ചുമത്തിയിട്ടുണ്ട്. ഇക്കാര്യങ്ങൾ വെളിപ്പെട്ടതോടെയാണ് ഇയാൾ സ്റ്റേഷനിൽ നിന്ന് ഇറങ്ങി ഓടിയതെന്ന് പിന്നീട് കുറ്റസമ്മതം നടത്തിയെന്നും പോലീസ് പറഞ്ഞു.
ഇയാളുടെ വാഹനം പരിശോധിച്ചതിൽ നിന്നും സിപ്പ് ലോക്ക് കവറുകളും സിറിഞ്ചും പോലീസ് കണ്ടെടുത്തു. 15,910രൂപയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പൊതു മുതൽ നശിപ്പിക്കൽ, ഔദ്യോഗിക കൃത്യനിർഹണം തടയൽ തുടങ്ങിയ വകുപ്പുകൾ ചേർത്ത് കേസെടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags : nattu vishesham Uber driver taken into custody