പ്രതീകാത്മക ചിത്രം
മൂപ്പൈനാട്: മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് സി.വി. സുധയ്ക്കെതിരേ എല്‍ഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായി. ഇതോടെ യുഡിഎഫിനുണ്ടായിരുന്ന പ്രസിഡന്റ് സ്ഥാനം നഷ്ടമായി.
എട്ടിനെതിരേ ഒമ്പത് വോട്ടുകള്‍ക്കാണ് അവിശ്വാസം പാസായത്. കഴിഞ്ഞ ജൂണ്‍ 29ന് എല്‍ഡിഎഫ് അംഗം സുരേഷ് ബാബുവാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. 25 വര്‍ഷത്തെ യുഡിഎഫ് ഭരണം അവസാനിപ്പിച്ചുകൊണ്ടാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അധികാരത്തിലെത്തിയത്. 17 അംഗ ഭരണ സമിതിയില്‍ എല്‍ഡിഎഫിന് ഒമ്പതും യുഡിഎഫിന് എട്ടും അംഗങ്ങളാണുള്ളത്. പ്രസിഡന്റ് സ്ഥാനം പട്ടികവര്‍ഗ സംവരണമാണ്.
കഴിഞ്ഞ ഡിസംബര്‍ അവസാനം നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഒരു എല്‍ഡിഎഫ് അംഗത്തിന്റെ വോട്ട് അസാധുവായതിനെത്തുടര്‍ന്ന് തുല്യ വോട്ടുകള്‍ വന്നതോടെ നറുക്കെടുപ്പ് നടത്തുകയായിരുന്നു. നറുക്കെടുപ്പിലൂടെയാണ് മുസ്ലിം ലീഗ് അംഗമായ സി.വി. സുധ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.
പ്രസിഡന്റ് സ്ഥാനം ലഭിക്കാത്തത് എല്‍ഡിഎഫിന് കനത്ത തിരിച്ചടിയായിരുന്നു. അതിന് ശേഷം ആറ് മാസം പൂര്‍ത്തിയായപ്പോഴാണ് എല്‍ഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. ഇന്നലെ നടന്ന വോട്ടെടുപ്പില്‍ അവിശ്വാസം പാസായതോടെ യുഡിഎഫിന് ലഭിച്ച പ്രസിഡന്റ് സ്ഥാനവും നഷ്ടമായി.
പ്രസിഡന്റ് സ്ഥാനം യുഡിഎഫിനായിരുന്നതുകൊണ്ട് ഭരണപരമായ പല കാര്യങ്ങള്‍ക്കും വിഷമതകള്‍ നേരിടേണ്ടി വന്നതായി എല്‍ഡിഎഫ് ഭാരവാഹികള്‍ പറഞ്ഞു. ഇനി ഏഴ് ദിവസത്തിനള്ളില്‍ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കണം. അതുവരെ വൈസ് പ്രസിഡന്റിനാണ് താത്ക്കാലിക ചുമതല. സിപിഎമ്മിലെ വി. കേശവനെയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
Tags :