മട്ടന്നൂർ കല്ലേരിക്കരയിൽ അപകടത്തിൽപ്പെട്ട ഒാട്ടോ.
മട്ടന്നൂർ: വാഹനങ്ങളുടെ അമിത വേഗതയും അശ്രദ്ധയും കാരണം മട്ടന്നൂർ മേഖലയിൽ വാഹനാപകടങ്ങൾ പതിവാകുന്നു. മൂന്നു മാസത്തിനുള്ളിൽ മട്ടന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിലുണ്ടായ അപകടങ്ങളിൽ പത്ത് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മട്ടന്നൂർ-തലശേരി റോഡിൽ ലിങ്ക്സ് മാളിനു സമീപം ഇന്നലെ സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് അധ്യാപിക മരിച്ചതാണ് അവസാനത്തെ സംഭവം.
തലശേരിയിൽനിന്ന് മട്ടന്നൂർ വഴി ഇരിട്ടിയിലേക്ക് നിറയെ യാത്രക്കാരുമായി പോകുകയായിരുന്ന ജ്യോതിർമയി ബസാണ് അധ്യാപികയുടെ ജീവനെടുത്തത്. ഇരിട്ടിലേക്കുള്ള യാത്രക്കാരെ കയറ്റാൻ മട്ടന്നൂർ ബസ് സ്റ്റാൻഡിൽ വേഗത്തിലെത്താൻ ബസ് ആശ്രദ്ധമായി ഓടിച്ചു വരുന്നതിനിടെയാണു ഇന്നലെ സ്കൂളിലേക്ക് ഭർത്താവിനൊപ്പം സ്കൂട്ടറിൽ പോകുന്നതിനിടെ ബസ് ഇടിച്ചു തെറിപ്പിച്ച് അധ്യാപിക റീഷ മരിച്ചത്. ഇടതു ഭാഗത്തുകൂടി പോകണ്ട ബസ് വലതു ഭാഗത്ത് കൂടി അമിത വേഗതയിലെത്തി സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അധ്യാപിക ബസിനുള്ളിൽ കുടുങ്ങി പോയിരുന്നു.
റോഡ് മെക്കാഡം ടാറിംഗ് ചെയ്തതോടെ ഇരിട്ടി-മട്ടന്നൂർ-തലശേരി, ഇരിട്ടി മട്ടന്നൂർ-കണ്ണൂർ റൂട്ടിലോടുന്ന ബസുകൾ അമിത വേഗതയിൽ പോകുന്നതാണ് അപകടം വർധിക്കാൻ കാരണമാകുന്നത്. ഇരിട്ടി, കണ്ണൂർ തലശേരി റൂട്ടുകളിൽ സർവീസ് നടത്തുന്ന ബസുകളാണ് കൂടുതലായും അപകടങ്ങൾക്ക് ഇടയാക്കുന്നത്.
രാവിലെയും വൈകുന്നേരങ്ങളിലും ബസുകളുടെ മൽസരയോട്ടവും പതിവാണ്. ബസുകൾക്ക് പുറമെ മറ്റു വാഹനങ്ങളും അപകടത്തിൽപ്പെടുന്നതും പതിവാണ്. എടയന്നൂരിൽ അമ്മയും രണ്ടു മക്കളും നടുവനാട് സ്കൂൾ വിദ്യാർഥിനിയും അപകടത്തിൽ മരിച്ചതും അടുത്തകാലത്താണ്. അമിത വേഗതയിൽ സർവീസ് നടത്തുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മട്ടന്നൂർ സിഐ എ. ബിനു പറഞ്ഞു.
Tags : Vehicle accidents nattuvishesham local news