തേർത്തല്ലി ടൗണിൽ വാഹനങ്ങൾ അശ്രദ്ധമായി പാർക്ക് ചെയ്തിരിക്കുന്നു.
തേർത്തല്ലി: തേർത്തല്ലി ടൗണിലെ അശ്രദ്ധമായ വാഹന പാർക്കിംഗ് വ്യാപാരികൾക്കും കാൽനടയാത്രക്കാർക്കും ദുരിതമാകുന്നു. ഇരുചക്ര-നാലുചക്ര വാഹനങ്ങൾ വ്യാപാരസ്ഥാപനങ്ങളുടെ മുന്നിൽ പാർക്ക് ചെയ്യുകയും ഏറെസമയം കഴിഞ്ഞും എടുത്തുമാറ്റാത്തതും വ്യാപാര സ്ഥാപനങ്ങളിലേക്ക് വരുന്ന ഉപഭോക്താക്കൾക്കും കാൽനടയാത്രക്കാർക്കും ഒരുപോലെ വിഷമം സൃഷ്ടിക്കുകയാണ്. കൂടാതെ, ഫുട്പാത്ത് പല സ്ഥലങ്ങളിലും കാടുകയറിക്കിടക്കുകയാണ്.
ടൗണിൽ വരുന്ന വാഹനങ്ങൾക്ക് പ്രത്യേക പാർക്കിംഗ് സൗകര്യം ഒരുക്കണമെന്ന് വ്യാപാരികൾ പലപ്പോഴും ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ആർടിഒയോ, പോലീസോ, പഞ്ചായത്ത് അധികൃതരോ ആവശ്യമായ നടപടി സ്വീകരിക്കാത്തത് ടൗണിൽ എത്തുന്ന എല്ലാവർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഷാജി കാരക്കാട്ടിൽ പറഞ്ഞു. ഈ വിഷയത്തിൽ പഞ്ചായത്ത് അധികാരികളുടെ ഭാഗത്തുനിന്നും അടിയന്തര നടപടിയുണ്ടാകണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി തേർത്തല്ലി യുണിറ്റ് ആവശ്യപ്പെട്ടു.
Tags : Local News Nattuvishesham