കൊല്ലം ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി ഉദ്ഘാടനം ചെയ്യുന്നു.
കൊല്ലം :യുവതലമുറയെ തകര്‍ക്കുന്ന മയക്കുമരുന്നുകളുടെ ഉപയോഗവും ദുഷ്പ്രവണതകളും ഗുരുതര പ്രശ്നങ്ങളാണെന്നും ഇതിനെതിരെ ജാഗ്രത വേണമെന്നും കൊല്ലം ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി. കൊല്ലം ലാല്‍ബഹദൂര്‍ സ്റ്റേഡിയത്തില്‍ നടന്ന സിഐഎസ്സിഇ കേരള റീജൺ ഐസിഎസ്ഇ/ഐഎസ്സി സോണ്‍ ‘എ' അത്ലറ്റിക് മീറ്റ്് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്.
യുവാക്കളുടെ മനസുകളെയും ചിന്തകളേയും തകര്‍ക്കുന്ന മാഫിയാ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന് വെല്ലുവിളിയായി തീര്‍ന്നിരിക്കുകയാണ്. അതിനെതിരേ ശക്തമായി നിലകൊള്ളണമെന്ന് ബിഷപ് ആഹ്വാനം ചെയ്തു.
അത്ലറ്റുകളുടെ മാര്‍ച്ച് പാസ്റ്റിന് ബിഷപ് സല്യൂട്ട് സ്വീകരിച്ചു. എഎസ്ഐഎസ്സി പ്രസിഡന്റും തങ്കശേരി ഇന്‍ഫന്റ് ജീസസ് ആംഗ്ലോ-ഇന്ത്യന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പലുമായ ഫാ. ഡോ. സില്‍വി ആന്റണിയാണ് സ്പോര്‍ട്സ് മേളയ്ക്ക് നേതൃത്വം നല്‍കുന്നത്.
കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജാക്സണ് ജെയിംസ്, ഫാ.പ്രിന്‍സ്, പിടിഎ പ്രസിഡന്റ് പൂജാ ഷിഹാബ് എന്നിവര്‍ പ്രസംഗിച്ചു. നാളെയും ചൊനാലിനുമായി നടക്കുന്ന സ്പോര്‍ട്സ് മീറ്റില്‍ കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ 24 സ്കൂളുകളില്‍ നിന്നായി അറുനൂറിലധികം അത്ലറ്റുകള് പങ്കെടുക്കുന്നുണ്ട്. ഫാ. ഡോ. സില്‍വി ആന്റണി സ്വാഗതവും വൈസ് പ്രിന്‍സിപ്പല്‍ ഫാ.മനോജ് ആന്റണി നന്ദിയും പറഞ്ഞു.
Tags : Nattuvishesham DistrictNews DeepikaNews against drugs