നെടുങ്കണ്ടം: തൂക്കുപാലം വിജയമാതാ സ്കൂളിലെ വിദ്യാർഥികൾ സ്വന്തമായി റോബോട്ട് നിർമിച്ച് സ്കൂളിനും നാടിനും അഭിമാനമായി. കഴിഞ്ഞ ദിവസം നടന്ന സ്പോർട്സ് ദിനത്തിൽ സമ്മാനാർഹരായ വിദ്യാർഥികളുടെ പേര് പ്രഖ്യാപിച്ചപ്പോൾ ട്രോഫിയുമായി അവരുടെ മുന്നിലെത്തിയത് റോബോട്ടായിരുന്നു. സ്കൂളിലെ അടൽ ടിങ്കറിംഗ് ലാബിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ രൂപകൽപ്പന ചെയ്ത് നിർമിച്ച റോബോട്ടാണിത്. വേദിയിൽ വിജയികളുടെ പേര് പ്രഖ്യാപിക്കുന്നതിനനുസരിച്ച് റോബോട്ട് ട്രോഫിയുമായി മുന്നിലെത്തി അത് കൈമാറുന്ന കാഴ്ചയായിരുന്നു ചടങ്ങിലെ പ്രധാന ആകർഷണം. കാണികൾ ഹർഷാരവത്തോടെയാണ് റോബോട്ടിനെയും ഇതിനു പിന്നിൽ പ്രവർത്തിച്ച വിദ്യാർഥികളേയും വരവേറ്റത്.
സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികളായ ബിയോൺ പി. സാം, അഭിനവ് ബിനു, ജെ.റിണാൾഡ്, ബസുദേവ് അനീഷ്, ആദിത്യൻ കെ. ഷിജു, റോയിസ് കെ. ജോസഫ് എന്നീ മിടുക്കന്മാരാണ് റോബോട്ടിന്റെ രൂപകൽപ്പനയ്ക്ക് പിന്നിൽ പ്രവർത്തിച്ചത്.
ചിപ്പുകൾ, ആർഡിനോ മോട്ടോറുകൾ, ഡ്രൈവറുകൾ, ബ്ലൂടൂത്ത് ചിപ്പ് തുടങ്ങിയവയാണ് നിർമാണത്തിനായി പ്രധാനമായും ഉപയോഗിച്ചത്. വിദ്യാർഥികളിൽ ശാസ്ത്രീയ ചിന്തയും സാങ്കേതികവിദ്യയോടുള്ള താത്പര്യവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് റോബോട്ട് നിർമിച്ചതെന്ന് പ്രിൻസിപ്പൽ സിസ്റ്റർ. ലിൻസ എസ്എബിഎസ് പറഞ്ഞു.
റോബോട്ടിന്റെ ആദ്യ മോഡലാണ് നിലവിൽ നിർമിച്ചിരിക്കുന്നത്. അടുത്ത ഘട്ടത്തിൽ ഇതിന്റെ ഓട്ടോമാറ്റിക് വേർഷൻ നിർമിക്കാനുള്ള പണിപ്പുരയിലാണ് ഇവിടുത്തെ വിദ്യാർഥികൾ.
Tags : Nattuvishesham District News