കപിക്കാട് എത്തകുഴി ഭാഗത്ത് റോഡിലുണ്ടായ വെള്ളക്കെട്ട്.
കടുത്തുരുത്തി: ശക്തമായ മഴയെയും വെള്ളപ്പൊക്കത്തെയും തുടര്‍ന്ന് കല്ലറ പഞ്ചായത്തിലെയും കടുത്തുരുത്തിയുടെ പടിഞ്ഞാറന്‍ മേഖലയിലെയും താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലെല്ലാം വെള്ളം കയറി. കല്ലറ പഞ്ചായത്തിലെ ഒന്ന്, രണ്ട് വാര്‍ഡുകളിലായി സ്ഥിതി ചെയ്യുന്ന മുണ്ടാര്‍ മേഖലയില്‍ നിരവധി വീടുകളില്‍ വെള്ളംകയറി. പലരും ബന്ധുവീടുകളിലേക്കും വാടകവീടുകളിലേക്കും താമസം മാറ്റി. പല കുടുംബങ്ങള്‍ വീടുകളില്‍തന്നെ കഴിയുകയാണ്.
വെള്ളം വരവ് വര്‍ധിച്ചാല്‍ ദുരിതാശ്വാസക്യാമ്പ് തുറക്കേണ്ടി വരുമെന്ന സൂചനയും അധികൃതര്‍ നല്‍കുന്നുണ്ട്. ആയാംകുടി-കല്ലറ റോഡില്‍ കപിക്കാട് എത്തകുഴി ഭാഗത്ത് റോഡില്‍ വെള്ളം കെട്ടിനിന്നും യാത്ര തടസപ്പെട്ടതോടെ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ ഹിറ്റാച്ചിയെത്തിച്ചു റോഡിലെ വെള്ളക്കെട്ട് നീക്കി. സമീപത്തെ സ്വകാര്യ വ്യക്തി തന്റെ പറമ്പിലൂടെ വെള്ളമൊഴുക്കാന്‍ അനുവദിച്ചതാണ് പ്രശ്നം പരിഹരിക്കാന്‍ തുണയായത്.
മുണ്ടാറിന് നടുവിലൂടെ പോകുന്ന കല്ലുപുര-വാക്കേത്തറ റോഡ് വെള്ളം കയറി മുങ്ങി. ഇതുവഴി വലിയ വാഹനങ്ങള്‍ക്ക് മാത്രമേ കടന്നു പോകാനാകൂ. ചെറിയ റോഡുകളും വെള്ളത്തിനടിയിലായി. തോണിയാത്ര മാത്രമാണ് മുണ്ടാറിലെ ഭൂരിപക്ഷം ആളുകള്‍ക്കും പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏകമാര്‍ഗം.
കഴിഞ്ഞ ദിവസത്തെക്കാളും പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരുകയാണെന്ന് കല്ലറ പ്രദേശത്തെ ആളുകള്‍ പറയുന്നു. കിഴക്കന്‍ വെള്ളത്തിന്റെ വരവ് നിന്നില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകുമെന്നും ഇവര്‍ പറയുന്നു. കടുത്തുരുത്തി പഞ്ചായത്തിന്റെ പടിഞ്ഞാറന്‍ മേഖലയായ എഴുമാന്തുരുത്ത്, മുക്കം, ആപ്പാഞ്ചിറ, കാന്താരിക്കടവ് പ്രദേശങ്ങളിലെ വീടുകളിലും വെള്ളം കയറി തുടങ്ങിയിട്ടുണ്ട്.
Tags : Nattuvishesham DistrictNews DeepikaNews Water has entered