ജലനിരപ്പുയരുന്ന പന്പാനദി. ആറന്മുളയിൽനിന്നുള്ള ദൃശ്യം.
പത്തനംതിട്ട: കിഴക്കൻ മേഖലയിൽ കഴിഞ്ഞ ദിവസം മഴ ശക്തമായതോടെ ഒറ്റ രാത്രികൊണ്ട് പമ്പാനദിയിലെ ജലനിരപ്പ് ആറടിയോളം ഉയർന്നു. കഴിഞ്ഞ ദിവസം ആറന്മുള സത്രക്കടവിനു
മുകളിൽ ജലനിരപ്പ് കുറവായതിനാൽ പള്ളിയോടങ്ങൾ പമ്പയുടെ അടിത്തട്ടിൽ ഉറച്ചിരുന്നു. വള്ളസദ്യ ആരംഭിച്ച അന്നു മുതൽ സത്രക്കടവിനു മുകളിൽ ജലനിരപ്പ് കുറവായിരുന്നു. ഇന്നലെ എല്ലാ പള്ളിയോടങ്ങളും സുഗമമായി തുഴഞ്ഞാണ് ക്ഷേത്രക്കടവിൽ അടുത്തത്.
ശബരിമല കാടുകളിലും ശബരിഗിരി പദ്ധതി മേഖലകളിലും ശക്തമായ മഴയാണ് ചെയ്തത്. വനമേഖലയിൽ മഴ ശക്തമായതിനു പിന്നാലെയാണ് പന്പയിലും അച്ചൻകോവിൽ നദികളിലും ജലനിരപ്പ് ഉയർന്നു തുടങ്ങിയത്. അച്ചൻകോവിൽ വനമേഖലയിൽ രണ്ടുദിവസമായി ശക്തമായ മഴ ലഭിക്കുന്നുണ്ട്. ഇന്നലെ രാവിലത്തെ കണക്കുകളിൽ അയിരൂരിൽ 27 മില്ലിമീറ്ററും കോന്നിയിൽ 25 മില്ലിമീറ്ററും മഴയാണ് ലഭിച്ചത്. ജില്ലയിൽ ഇന്നലെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു.
ഇത്തരത്തിൽ മഴയുടെ അളവിൽ ഉണ്ടാകുന്ന വ്യത്യാസം പമ്പയുടെ പ്രയാണത്തിൽ ശക്തമായ മാറ്റം സൃഷ്ടിക്കാൻ തുടങ്ങിയിട്ട് കാലം ഏറെയായി. ശക്തമായ ഖനനം മൂലം പമ്പയുടെ അടിത്തട്ടിൽനിന്നും മണൽ പൂർണമായും ഒഴിഞ്ഞു പോയതാണ് നദിയിൽ ജലനിരപ്പ് വേഗത്തിൽ ഉയരാൻ കാരണമെന്നു പറയുന്നു. നദി ഏറ്റവും അധികം വീതിയിൽ പരന്നൊഴുകുന്നത് ആറന്മുളയിൽ മാത്രമാണ്. അതിനാൽ ഒഴുക്കും കൂടുതലാണ്.
ഇന്നലെ ഉച്ചകഴിഞ്ഞതോടെ മഴ കൂടുതൽ ശക്തമായി. ഇതോടെ നദികളിലും തോടുകളിലും ജലനിരപ്പ് ഉയരാനുള്ള സാധ്യതയേറുകയാണ്. ജൂൺ, ജൂലൈ മാസങ്ങളിൽ മഴ ദുർബലമായിരുന്നതിനാൽ നീരൊഴുക്കുകൾ നിലച്ചിരുന്നു. രണ്ടുദിവസത്തെ മഴയിൽ ഇവയെല്ലാം സജീവമായിട്ടുണ്ട്. പന്പയുടെ പോഷകനദികളായ അഴുത, കക്കാട്ടാറ്, കല്ലാറ് എന്നിവയിലും
ജല പ്രവാഹം വർധിച്ചു.
ശബരിഗിരി പദ്ധതികളുടെ പ്രധാന ഡാമുകളായ പമ്പ, കക്കി ജലസംഭരണികളുടെ വൃഷ്ടിപ്രദേശത്തും മഴ ശക്തമാണ്. ശബരിമല പമ്പയിൽ ജലനിരപ്പുയർന്നു. സംസ്ഥാനത്ത് ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട്.
ബംഗാൾ ഉൾക്കടലിലും ഒഡീഷ - പശ്ചിമബംഗാൾ തീരപ്രദേശങ്ങൾക്ക് മുകളിലും സ്ഥിതി ചെയ്തിരുന്ന ന്യൂനമർദം , തീവ്ര ന്യൂനമർദമായി ശക്തിപ്രാപിച്ചിട്ടുണ്ട്. അതിതീവ്ര ന്യൂനമർദമായി ഇതു മാറിയതിനാൽ അടുത്ത രണ്ടു ദിവസം കൂടി മഴ ശക്തമായി തുടരുമെന്നാണ് പ്രവചനം.
വടക്കൻ ഒഡീഷ - പശ്ചിമ ബംഗാൾ തീരത്ത് പാരദ്വീപിനും സാഗർ ദ്വീപിനും ഇടയിലായി ന്യൂനമർദം കരയിൽ പ്രവേശച്ചതാണ് ഇപ്പോഴത്തെ മഴയ്ക്ക് കാരണമായത്.
മഴ ശക്തമാകുന്നതോടെ മണ്ണിടിച്ചിലിനും നദികളിൽ ജലനിരപ്പുയരുന്നതിനും കാരണമാകുമെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അപകട സാധ്യത കണക്കിലെടുത്ത് കിഴക്കൻ മലയോരങ്ങളിൽ പ്രത്യേക ജാഗ്രത വേണമെന്നും നിർദേശമുണ്ട്.