വെള്ളക്കെട്ടിലൂടെ നടന്നുപോകുന്ന സ്കൂൾ വിദ്യാർഥികൾ.
പൂക്കോട്ടുംപാടം: ചെറിയൊരു ചാറ്റൽ മഴ പെയ്താൽ പോലും മുട്ടോളം വെള്ളം നിറയുന്നതിനാൽ പൂക്കോട്ടുംപാടം പറന്പ-പത്തേക്കറ റോഡിലൂടെയുള്ള യാത്ര ദുസഹമാകുന്നു. മഴ ശക്തമാകുന്നതിനു മുന്പ് റോഡ് വെള്ളത്തിനടിയിലാകുന്ന അവസ്ഥ കാരണം സ്കൂൾ വിദ്യാർഥികളും യാത്രക്കാരും ഇതിലൂടെ കടന്നുപോകാൻ വലിയ പ്രയാസമാണ് നേരിടുന്നത്.
മഴ പെയ്യുന്പോൾ റോഡിൽ വലിയ രീതിയിലുള്ള വെള്ളക്കെട്ടാണ് രൂപപ്പെടുന്നത്. കുട്ടികൾക്ക് വസ്ത്രത്തിൽ ചെളിയും വെള്ളവും തെറിക്കാതെയും സുരക്ഷിതമായും സ്കൂളിൽ എത്താൻ കഴിയാത്ത അവസ്ഥയാണ്. പത്തേക്കറ ഭാഗത്തുനിന്ന് പറന്പ ഗവണ്മെന്റ് യുപി സ്കൂളിലേക്കുള്ള ഏക വഴിയാണിത്. റോഡിന്റെ ഇരുവശങ്ങളിലൂടെ നടന്നുപോകാൻ കഴിയാത്ത വിധം ചെളിവെള്ളം കെട്ടിക്കിടക്കുന്നു.
വെള്ളക്കെട്ട് കാരണം റോഡിലെ കുഴികൾ കാണാൻ കഴിയാത്തതിനാൽ ഇരുചക്ര വാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെടുന്നു. വെള്ളക്കെട്ടിൽ തെന്നി വീണും കുഴികളിൽ ചാടിയും നിരവധി ഇരുചക്രവാഹന യാത്രക്കാർക്കാണ് ഇതിനോടകം പരിക്കേറ്റിട്ടുള്ളത്.
റോഡിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുന്നതിനായി അഴുക്കുചാലുകൾ നിർമിക്കാനും റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാനും ബന്ധപ്പെട്ട വകുപ്പുകൾ തയാറാകണമെന്ന് പ്രദേശവാസികളും യാത്രക്കാരും ആവശ്യപ്പെട്ടു.
Tags : Nattuvishesham Districtnews