ആലോടിയിലെ തന്റെ വീട്ടുമുറ്റത്തെ ഇടിഞ്ഞുതാഴ്ന്ന കിണിനു സമീപം ലീല.
നിലമ്പൂര്‍: കിണര്‍ ഇടിഞ്ഞ് താഴ്ന്നതിനെത്തുടര്‍ന്ന് ആദിവാസി കുടുംബത്തിന്റെ കുടിവെള്ളം മുട്ടി. ചാലിയാര്‍ പഞ്ചായത്തിലെ ആലോടി ആദിവാസി നഗറിലെ ലീലയുടെ വീട്ടുമുറ്റത്തെ കിണറാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെത്തുടര്‍ന്ന് ഇടിഞ്ഞുതാഴ്ന്നത്. 20 റിംഗുകളുള്ള കിണറാണ് തകര്‍ന്നത്.
തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ലീലയുടെ വീട്ടുമുറ്റത്തെ കിണറിന് സമീപം അശാസ്ത്രിയമായി മഴക്കുഴി നിര്‍മിച്ചതാണ് കിണര്‍ ഇടിയാന്‍ കാരണമായത്. നിലവില്‍ വീട്ടുമുറ്റത്ത് കിണറിന്റെ സ്ഥാനത്ത് വലിയ ഒരു ഗര്‍ത്തം മാത്രമാണ് അവശേഷിക്കുന്നത്.
കുറുമ്പലങ്ങോട് വില്ലേജ് ഓഫീസില്‍ പരാതി നല്‍കിയെങ്കിലും കിണര്‍ ഇടിഞ്ഞ് താഴുന്നതിന് ഫണ്ടില്ലെന്നായിരുന്നു മറുപടി. ചാലിയാര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കിണര്‍ ഇടിഞ്ഞ് താഴുന്ന പ്രതിഭാസം കൂടിവരികയാണ്. നിലവില്‍ ഒരു കിണര്‍ കുഴിച്ച് റിംഗുകള്‍ ഉള്‍പ്പെടെ സ്ഥാപിച്ച് വരുമ്പോള്‍ ഒരു ലക്ഷത്തോളം രൂപ ചിലവ് വരും.
മഴക്കാലത്ത് കിണറുകള്‍ ഇടിഞ്ഞ് താഴുന്ന പ്രതിഭാസത്തെ മഴക്കാല ദുരന്തങ്ങളായി വിലയിരുത്തി പുതിയ കിണര്‍ നിര്‍മിക്കാന്‍ പണം നല്കുന്ന രീതിയില്‍ സര്‍ക്കാര്‍ തലത്തില്‍ നടപടി ഉണ്ടാകണമെന്നാണ് ആവശ്യം.
Tags :