കൊച്ചി: വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തേക്കാളും ഹോട്ടല്‍ ഭക്ഷണത്തെ ഇഷ്ടപ്പെടുന്ന ശീലം മലയാളികള്‍ക്കിടയില്‍ വര്‍ധിച്ചിട്ടുണ്ട്. അവിടെ നഗരമേഖലയെന്നോ ഗ്രാമീണമേഖലയെന്നോ ഇല്ല. ഭക്ഷണപ്രിയര്‍ കൂടിയതോടെ ഹോട്ടലുകളുകളുടെ എണ്ണവും വര്‍ധിച്ചു. പക്ഷെ ഹോട്ടല്‍ ഭക്ഷണത്തിലെ സുരക്ഷ വലിയൊരു ആശങ്കയായി മാറിയിരിക്കുകയാണ്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകള്‍ മുറയ്ക്ക് നടക്കുന്നുണ്ടെങ്കിലും ഹോട്ടല്‍ ഭക്ഷണം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയില്‍ ചികിത്സ തേടുന്ന സംഭവങ്ങള്‍ ഇടതടവില്ലാതെ ആവര്‍ത്തിക്കപ്പെടുകയാണ്.
കഴിഞ്ഞ ദിവസം മന്തി വിഭവങ്ങള്‍ വിളമ്പുന്ന നഗരത്തിലെ പ്രധാന ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതാണ് ഏറ്റവും ഒടുവിലെ സംഭവം. മന്തിപ്രിയരുടെ ഇഷ്ട ഇടം കൂടിയായിരുന്നു ഈ ഹോട്ടല്‍.
ഭക്ഷണത്തില്‍ നിന്നാണോ അനുബന്ധമായി ഉപയോഗിക്കുന്ന മയോണൈസില്‍ നിന്നാണോ വെള്ളത്തില്‍ നിന്നാണോ വിഷബാധയേറ്റതെന്ന് കണ്ടെത്തിയിട്ടില്ല. ഭക്ഷണ സാമ്പിളുകളുടെ പരിശോധനാ ഫലം വന്ന ശേഷമേ സ്ഥിരീകരണം ഉണ്ടാകൂ. പരാതിയെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥാപനം അടച്ചുപൂട്ടുകയും ലൈസന്‍സ് സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഭക്ഷണം പാചകം ചെയ്യുന്നതിലും സൂക്ഷിക്കുന്നതിലും വിളമ്പുന്നതിലുമുള്ള വീഴ്ചകളാണ് അപകടത്തിന് കാരണമെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. അല്‍ഫാമും മന്തിയും പോലുള്ള ഭക്ഷണങ്ങള്‍ തയാറാക്കാന്‍ സമയം കൂടുതലെടുക്കുന്നതിനാല്‍ പല ഹോട്ടലുകളിലും രാവിലെ തന്നെ വലിയ അളവില്‍ മാരിനേറ്റ് ചെയ്ത് പാകം ചെയ്യുന്നു. ശരിയായ നിലയില്‍ സൂക്ഷിക്കാത്തതിനാല്‍ ബാക്ടീരിയ പെരുകും. അതേപോലെ ഇറച്ചിയുടെ ഉള്‍ഭാഗത്തിന് വേണ്ടത്ര ചൂട് ലഭിക്കാതെ വന്നാല്‍ സാല്‍മൊണല്ല പോലുള്ള രോഗാണുക്കള്‍ ജീവനോടെ തുടരും. ഇത് രോഗം പിടിപെടാന്‍ ഇടയാക്കും.
പച്ച ഇറച്ചി മുറിച്ച കത്തിയും ബോര്‍ഡും കഴുകാതെ പാകം ചെയ്ത ഭക്ഷണത്തിന് ഉപയോഗിക്കുന്നത് രോഗാണു വ്യാപനത്തിന് കാരണമാകും. മുട്ട ഉപയോഗിച്ചുള്ള മയോണൈസ് ആവശ്യമായ തണുപ്പില്‍ സൂക്ഷിക്കാത്തത് ഗുരുതര ഭക്ഷ്യവിഷബാധയ്ക്ക് ഇടയാക്കും. അതേപോലെ വില്‍ക്കാതെ ശേഷിക്കുന്ന ഭക്ഷണം വീണ്ടും ചൂടാക്കി നല്‍കുന്നത് അപകടകരമാണ്.
ഭക്ഷ്യവിഷബാധ സ്ഥിരീകരിക്കപ്പെടുമ്പോള്‍ ഊര്ജിതമാകാറുള്ള പരിശോധനകള്‍ പിന്നീട് കാര്യക്ഷമമായി തുടരാത്തതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാനുള്ള കാരണങ്ങളിലൊന്ന്. പരാതികള്‍ കിട്ടുമ്പോള്‍ മാത്രമേ പരിശോധനകള്‍ ഉണ്ടാകാറുള്ളൂ. പരിശോധനകള്‍ കൃത്യമായി നടന്നാല്‍ ഹോട്ടല്‍ നടത്തിപ്പുകാര്‍ക്ക് ഒരു ജാഗ്രതയും ഭയവുമൊക്കെ ഉണ്ടാകും. ഇത്തരം അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതകളെ മുന്‍കൂട്ടി കണ്ട് തടയാനും കഴിയും.
ശുചിത്വം ഉറപ്പാക്കാറുണ്ട്: കെഎച്ച്ആര്‍എ
കൊച്ചി: ഹോട്ടലുകളിലെ ശുചിത്വം ഉറപ്പാക്കാന്‍ നിരന്തര പരിശോധനകള്‍ നടക്കാറുണ്ടെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന് പ്രസിഡന്റ് ജി.ജയപാല്‍ പറഞ്ഞു. ജില്ലാതലത്തില്‍ ഹൈജീന്‍ മോനിട്ടറിംഗ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഹോട്ടലുകളില്‍ നേരിട്ടെത്തി പരിശോധന നടത്തി ശുചിത്വം ഉറപ്പാക്കുകയാണ് കമ്മിറ്റിയുടെ ദൗത്യം.
ഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിക്കേണ്ടത് ഭക്ഷ്യസുരക്ഷാ വകുപ്പാണ്. ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ ഹോട്ടല്‍ വ്യവസായത്തെ ആകെ പ്രതികൂട്ടില്‍ നിര്‍ത്തുന്നത് ശരിയല്ല. വാട്ടര്‍ അഥോറിറ്റി വിതരണം ചെയ്യുന്ന വെള്ളമാണോ രോഗബാധയ്ക്ക് കാരണമെന്നും പരിശോധിക്കേണ്ടതുണ്ട്.
ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങള്‍
ഛര്‍ദി, വയറിളക്കം, വയറുവേദന, പനി, നിര്‍ജലീകരണം, തലകറക്കം, ബലക്ഷയം
ഭക്ഷ്യവിഷബാധ ഉണ്ടാകാനുള്ള കാരണങ്ങള്‍
ഉപഭോക്താക്കള്‍ ശ്രദ്ധിക്കേണ്ടത്
Tags : Local News Nattuvishesham Ernakulam