വെള്ളീച്ച കീടബാധമൂലം നശിക്കുന്ന തെങ്ങുകൾ.
വടക്കഞ്ചേരി: ശാസ്ത്രലോകം വളരെ നിസാരനായി കണ്ട വെള്ളീച്ച എന്ന കീടം ഇന്നു നാട്ടിലെ തെങ്ങുകളുടെ അന്തകരാകുന്നു. ഓരോ പ്രദേശത്തും കൂട്ടത്തോടെയാണ് തെങ്ങുകൾ നശിക്കുന്നത്. എന്നാൽ രോഗവ്യാപനം അതിവേഗമാകുമ്പോഴും പ്രതിവിധി കണ്ടെത്താനാകാതെ കൃഷിവകുപ്പിലെ ഗവേഷക സംഘങ്ങൾ ഇരുട്ടിൽതപ്പുന്ന സ്ഥിതിയാണ്.
വേപ്പെണ്ണ തളിക്കുക, മിത്ര കീടങ്ങളെ ഉപയോഗിക്കുക തുടങ്ങിയ പ്രായോഗികമല്ലാഞ്ഞ പ്രതിവിധികളാണ് ഗവേഷണ കേന്ദ്രങ്ങൾ നിർദേശിക്കുന്നത്. ആറുവർഷംമുമ്പ് കായംകുളത്തുളള തോട്ടവിള ഗവേഷണ കേന്ദ്രത്തിൽനിന്നും ശാസ്ത്രസംഘം മലമ്പ്രദേശമായ പാലക്കുഴിയിലെത്തി തെങ്ങുകളിലെ രോഗങ്ങളെക്കുറിച്ച് പരിശോധന നടത്തിയിരുന്നെങ്കിലും കർഷകർക്ക് പ്രതീക്ഷ നൽകുന്ന നിർദേശങ്ങളൊന്നുമുണ്ടായില്ല. മണ്ണിൽ ചില മൂലകങ്ങളുടെ കുറവുണ്ടെന്നായിരുന്നു കണ്ടെത്തൽ.
ഇതിന്റെ പരിശോധനകൾക്കായി പല തോട്ടങ്ങളിൽനിന്നും മണ്ണിന്റെ സാമ്പിളുകൾ സംഘം എടുത്തുകൊണ്ടുപോയെങ്കിലും തുടർനടപടികളൊന്നുമുണ്ടായില്ലെന്ന് കർഷകർ പറയുന്നു. പത്തു വർഷങ്ങൾക്കുമുമ്പ് ഏതാനുംചില പ്രദേശത്തുമാത്രം പ്രത്യക്ഷപ്പെട്ട വെള്ളീച്ച കീടവും കരിപ്പൊടി കുമിളും ഇപ്പോൾ കേരളമൊട്ടാകെ വ്യാപിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
തെങ്ങോലയുടെ അടിവശത്ത് കൂട്ടമായി പറ്റിപ്പിടിച്ചിരുന്ന് ഓലയുടെ നീരൂറ്റിക്കുടിക്കുകയാണ് ഇവ ചെയ്യുന്നത്. കാലാവസ്ഥ മാറുമ്പോൾ കീടങ്ങൾ താനെ പോകുമെന്നും മഴക്കാലത്ത് അപ്രത്യക്ഷമാകും എന്നൊക്കെയായിരുന്നു കൃഷിവകുപ്പ് കർഷകരെ വിശ്വസിപ്പിച്ചിരുന്നത്.
എന്നാൽ 2018 ലും 2019 ലും തുടർച്ചയായി രണ്ട് പ്രളയവർഷവും അതിനു ശേഷവും പല മഴക്കാലങ്ങൾ കടന്നു പോയിട്ടും വെള്ളീച്ച കൂടുന്നതല്ലാതെ കുറയുന്നില്ലെന്ന് തെങ്ങുകൃഷിയുള്ള മുടപ്പല്ലൂർ ചുങ്കപ്പുര ബേബിച്ചൻ പറഞ്ഞു.
ഏതു പ്രായത്തിലുള്ള തെങ്ങിലും കീടബാധയുണ്ട്. ഇതിനാൽ കഴിഞ്ഞ പത്തുവർഷമായി നാളികേര ഉത്പാദനത്തിൽ അമ്പതുശതമാനത്തിലേറെ കുറവുണ്ടായിട്ടുണ്ടെന്നും ബേബിച്ചൻ പറയുന്നു. കേരളത്തിലെ കേരകർഷകരെ ഇല്ലാതാക്കാൻ ബാഹ്യഇടപെടലുകൾ എന്തെങ്കിലും ഇതിനു പിന്നിലുണ്ടോ എന്നും കർഷകർ സംശയിക്കുന്നുണ്ട്.