മൂച്ചിക്കൽ മോഹനൻ താമസിക്കുന്ന വീടിന്റെ പിറകിലെ അടുക്കളയും പാത്രങ്ങളും അടുപ്പും കാട്ടാനക്കൂട്ടം തകർത്ത നിലയിൽ
എടക്കര (മലപ്പുറം): വഴിക്കടവിൽ വീടുകൾക്ക് നേരേ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. ഒരു വീടിന്റെ പിറകിൽ കെട്ടിയുണ്ടാക്കിയ അടുക്കളയും പാത്രങ്ങളും തകർത്തു. മറ്റൊരു വീടിന്റെ ഓടുകൾ തകർക്കുകയും അടുക്കളയിലെ ഭക്ഷ്യവസ്തുക്കൾ നശിപ്പിക്കുകയും ചെയ്തു. ആനമറിയിലെ പുഞ്ചക്കൊല്ലി കുമാരദാസൻ, മുളയംപറന്പിൽ സൈനബ എന്നിവരുടെ വീടുകൾക്ക് നേരെയാണ് കാട്ടാനകളുടെ ആക്രമണമുണ്ടായത്. പ്രദേശത്ത് വ്യാപകമായി കാർഷികവിളകളും കാട്ടാനകൾ നശിപ്പിച്ചു. വ്യാഴാഴ്ച പുലർച്ചെ രണ്ടോടെയാണ് നിരവധി കുടുംബങ്ങളെ ഭീതിയുടെ മുൾമുനയിൽ നിർത്തി ജനവാസകേന്ദ്രത്തിൽ കാട്ടാനകൾ പരാക്രമം കാട്ടിയത്.
സൈനബയുടെ വീടിന്റെ പിറകിൽ കെട്ടിയുണ്ടാക്കിയ അടുക്കള തകർത്ത ആനകൾ വീടിന്റെ വാതിൽ തകർക്കാൻ ശ്രമം നടത്തി. ഇവിടെ വാടകയ്ക്ക് താമസിക്കുന്ന പൂവത്തിപ്പൊയിൽ മൂച്ചിക്കൽ മോഹനനും ഭാര്യ സുനിതയും മൂന്നു മക്കളുമടങ്ങുന്ന കുടുംബം നലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
കുമാരദാസന്റെ വീടിന്റെ ഓടുകൾ തകർത്ത ആന ഉത്തരത്തിന്റെ വിടവിലൂടെ തുന്പിക്കൈയിട്ട് അടുക്കളയിലെ അരി അടക്കമുള്ള ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ചു. ഒരു മാസം മുന്പ് കുമാരദാസന്റെ അടുക്കളയും ശുചിമുറിയും കാട്ടാനക്കൂട്ടം തകർത്തിരുന്നു.
ഡീസന്റ്കുന്നിലെ പുല്ലംതൊടിക അബ്ദുൾ ജലീലിന്റെ അഞ്ഞൂറോളം വാഴകളും പുലിയോടൻ ജാഫർ, രാമത്ത്പറന്പിൽ രാമചന്ദ്രൻ എന്നിവരുടെ കൃഷികളും കാട്ടാനക്കൂട്ടം പാടെ നശിപ്പിച്ചു. പരാക്രമങ്ങൾക്ക് ശേഷം കാട്ടിലേക്ക് കയറിയ ആനക്കൂട്ടം വനാതിർത്തിയിൽ തന്നെ നിലയുറപ്പിച്ചിരിക്കുകയാണ്. വനാതിർത്തിയോട് ചേർന്ന ആനമറി, പൂവത്തിപ്പൊയിൽ, ഡീസന്റ്കുന്ന് എന്നിവിടങ്ങളിലായി നൂറുക്കണക്കിന് കുടുംബങ്ങളാണ് തിങ്ങിപ്പാർക്കുന്നത്. കാട്ടാനകൾ, കടുവ, പുലി, കാട്ടുപന്നി എന്നിവയടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം പ്രദേശത്ത് രൂക്ഷമാണ്. രാവിലെ മദ്രസയിലും സ്കൂളിലും പോകുന്ന വിദ്യാർഥികൾ, പ്രഭാത സവാരിക്കിറങ്ങുന്നവർ, പത്രവിതരണക്കാർ തുടങ്ങിയവർ കടുത്ത ഭീതിയിലാണ്.
കാട്ടാനശല്യം തടയാൻ ഈ മേഖലയിൽ മൂന്ന് കിലോമീറ്റർ ഭാഗത്ത് തൂക്ക് ഫെൻസിംഗ് സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ നെല്ലിക്കുത്ത് വനം ഔട്ട്പോസ്റ്റ് മുതൽ ആനമറി വനംസ്റ്റേഷൻ വരെയുള്ള ഭാഗത്തേക്ക് തൂക്ക് ഫെൻസിംഗ് ഇല്ലാത്തതാണ് കാട്ടാനകൾ ജവാസകേന്ദ്രത്തിലേക്ക് പ്രവേശിക്കാൻ കാരണം. ഇതിന് പുറമെ അടുത്തിടയുണ്ടായ വേനൽ മഴയിലും കാറ്റിലും വൻ മരങ്ങൾ പൊട്ടിവീണ് ഫെൻസിംഗ് തകർന്നിട്ടുമുണ്ട്. നിരന്തരമുള്ള വന്യമൃഗ ശല്യത്തിനെതിരേ കടുത്ത പ്രതിഷേമാണ് ഉയർന്നുവന്നിട്ടുള്ളത്.
Tags : Local News Nattuvishesham Malappuram