മാവുങ്കാൽ: ദേശീയപാതയോരത്ത് പുല്ലൂർ പാലത്തിനു സമീപം ഭീതിപരത്തി കാട്ടുപോത്തുകൾ. ഇന്നലെ പുലർച്ചെ വെള്ളിക്കോത്ത് ഭാഗത്തുനിന്ന് പുല്ലൂർ പാലത്തിനു സമീപമെത്തിയ രണ്ട് കാട്ടുപോത്തുകൾ ദേശീയപാത കടന്ന് സമീപത്തെ വീട്ടുപറമ്പുകളിലെത്തുകയായിരുന്നു. വിവരമറിഞ്ഞ് നാട്ടുകാർ ഓടിക്കൂടിയതോടെ പോത്തുകൾ പരിഭ്രാന്തരായി ഓടാൻ തുടങ്ങി.
നിരവധി മതിലുകൾ ചാടിക്കടന്ന് കണ്ണാങ്കോട്ട് ഭാഗത്തെത്തി. കാട്ടുപോത്തുകൾ ഇറങ്ങിയെന്ന വാർത്ത വ്യാപകമായി പ്രചരിച്ചതോടെ രക്ഷിതാക്കൾ കുട്ടികളെ സ്കൂളിൽ വിടാൻ പോലും മടിച്ചു.
പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് സ്ഥിതി നിയന്ത്രണാധീനമാക്കിയത്. കാട്ടുപോത്തുകളെ പുല്ലൂർ സുവർണമൊട്ടയിലെ ഒരു വീട്ടുപറമ്പിലേക്ക് എത്തിച്ചിട്ടുണ്ട്. രാത്രിയോടെ വനംവകുപ്പിന്റെ നിരീക്ഷണത്തിൽ ഇവയെ വനമേഖലയിലേക്കു തുരത്താനാണ് ശ്രമം.
ആഴ്ചകൾക്കു മുമ്പ് ഉദുമ ബാരയിലും പൊയിനാച്ചിക്കു സമീപവും കാട്ടുപോത്തുകൾ ജനവാസകേന്ദ്രങ്ങളിലെത്തിയിരുന്നു. അവ തന്നെയാണോ പുല്ലൂരിലേക്ക് വഴിതെറ്റിയെത്തിയതെന്നു വ്യക്തമല്ല. കാട്ടുപന്നികൾക്കു പിന്നാലെ കാട്ടുപോത്തുകളും വനമേഖലയിൽ നിന്ന് കിലോമീറ്ററുകൾ അകലെയുള്ള പ്രദേശങ്ങളിലെത്താൻ തുടങ്ങിയത് ജനങ്ങളിൽ ആശങ്കയാവുകയാണ്.
Tags : Wild buffaloes Nattuvishesham District News