ചെങ്ങന്നൂർ: പമ്പയും അച്ചൻകോവിലാറും മണിമലയാറും ചുറ്റിയൊഴുകുന്ന, ഐതിഹ്യപ്പെരുമയാൽ പ്രസിദ്ധമായ ചെങ്ങന്നൂർ മണ്ഡലം വീണ്ടുമൊരു രാഷ്ട്രീയ പോരാട്ടത്തിന് തയാറായിരിക്കുന്നു. എൽഡിഎഫിനായി മന്ത്രി സജി ചെറിയാൻ ഹാട്രിക് വിജയം ലക്ഷ്യമിട്ട് ഇറങ്ങുമ്പോൾ, കോട്ട തിരിച്ചുപിടിക്കാൻ യുഡിഎഫ് നിയോഗിച്ചിരിക്കുന്നത് അഡ്വ. എബി കുര്യാക്കോസിനെയാണ്. ബിജെപി സംസ്ഥാന സെക്രട്ടറി ഗോപനാണ് എൻഡിഎ സ്ഥാനാർഥി.
ഒരു മുന്നണിയോടും പ്രത്യേക മമത പുലർത്തില്ല എന്നതാണ് ചെങ്ങന്നൂരുകാരുടെ പ്രത്യേകത. അഞ്ച് തവണ തുടർച്ചയായി കോൺഗ്രസ് പ്രതിനിധിയെ തെരഞ്ഞെടുത്ത ചെങ്ങന്നൂർ ജനത കഴിഞ്ഞ രണ്ട് തവണയും സജി ചെറിയാന് ഒപ്പം നിന്നു.
1957-ൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർഥി ആർ. ശങ്കരനാരായണൻ തമ്പിയാണ് വിജയിച്ചത്. ഇദ്ദേഹം കേരള നിയമസഭയുടെ ആദ്യ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. 1960-ൽ നടന്ന രണ്ടാം തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ കെ. ആർ. സരസ്വതിയമ്മ യിലൂടെ മണ്ഡലം കോൺഗ്രസ് പിടിച്ചു. തുടർന്ന് 1965-ൽ സിറ്റിംഗ് എംഎൽഎ സരസ്വതിയമ്മ കേരള കോൺഗ്രസിലേക്ക് കൂടുമാറി ഇടത് സ്ഥാനാർഥിയായി മത്സരിച്ച് മണ്ഡലം നിലനിർത്തി. 1967-ൽ പി.ജി പുരുഷോത്തമൻപിള്ള വഴി എൽഡിഎഫ് വിജയം ആവർത്തിച്ചു.
1977-ൽ കോൺഗ്രസ് നേതൃത്വം നൽകിയ മുന്നണിയിലെ എൻഡിപി സ്ഥാനാർഥി എസ്. തങ്കപ്പൻപിള്ള മണ്ഡലം വലതുപക്ഷത്താക്കി. 1980-ൽ എൻഡിപിയിലേക്ക് ചുവടുമാറ്റിയ കെ.ആർ. സരസ്വതിയമ്മ കേരള കോൺഗ്രസ് സ്ഥാനാർഥി തോമസ് കുതിരവട്ടത്തെ തോൽപ്പിച്ചു.
രണ്ടു വർഷത്തിനു ശേഷം നടന്ന തെരഞ്ഞെടുപ്പിൽ എൻഡിപി സ്ഥാനാർഥിയായ എസ്. രാമചന്ദ്രൻപിള്ള സിപിഎം സ്ഥാനാർഥിയായ പി.കെ . നമ്പ്യാരെ 3291 വോട്ടുകൾക്ക് പരാജയപ്പെടുത്തി. 1987-ൽ ഇടതുമുന്നണിയിലെ കക്ഷിയായ കോൺഗ്രസ് -എസ് സ്ഥാനാർഥി മാമൻ ഐപ്പ് റിക്കാർഡ് ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 15,703 വോട്ടുകൾക്കാണ് എൻഡിപി സ്ഥാനാർഥി ആർ. രാമചന്ദ്രൻനായരെ പരാജയപ്പെടുത്തിയത്.
1991, 1996, 2001 തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് സ്ഥാനാർഥി ശോഭന ജോർജ് വിജയിച്ചു. 2006, 2011 തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിലെ പി.സി. വിഷ്ണുനാഥായിരുന്ന ചെങ്ങന്നൂരിന്റെ ജനപ്രതിനിധി. എന്നാൽ 2016 -ൽ സിപിഎം സ്ഥാനാർഥിയായിരുന്ന കെ.കെ. രാമചന്ദ്രൻ നായർ 7,893 വോട്ടുകൾക്ക് വിഷ്ണുനാഥിനെ പരാജയപ്പെടുത്തി മണ്ഡലം ഇടതു പാളയത്തിൽ എത്തിച്ചു.
തുടർന്ന് കെ.കെ. രാമചന്ദ്രൻ നായരുടെ മരണത്തെ തുടർന്ന് 2018 മേയ് 28നു നടന്ന ഉപതെരഞ്ഞെടുപ്പിൽ സിപിഎമ്മിലെ സജി ചെറിയാൻ 20,956 എന്ന റിക്കാർഡ് ഭൂരിപക്ഷത്തിനു വിജയിച്ചു. 2021-ലെ തെരഞ്ഞെടുപ്പിൽ സജി ചെറിയാൻ ഭൂരിപക്ഷം ഉയർത്തി ജയം ആവർത്തിച്ചു. ഭൂരിപക്ഷം 32,093.
Tags : Saji Cherian nattuvishesham local news