രാമപുരം: ഫുട്ബോള്‍ ആരാധകരുടെ കാത്തിരിപ്പിനും ആവേശത്തിനും നിറം പകര്‍ന്ന് ഫിഫ ലോകകപ്പ് ഫുട്ബോള്‍ മത്സരത്തോടനുബന്ധിച്ച് രാമപുരം മാര്‍ ആഗസ്തീനോസ് കോളജിലെ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ വിളംബര ജാഥ സംഘടിപ്പിക്കും. ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കങ്ങളിലൊന്നായ ഫിഫ ലോകകപ്പിന്റെ സന്ദേശവും ആവേശവും പൊതുസമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കോളജ് കാമ്പസില്‍ നിന്ന് നാളെ 2.30 ന് ആരംഭിക്കുന്ന ജാഥ രാമപുരം ടൗണിലൂടെ കടന്നുപോകും. വിവിധ രാജ്യങ്ങളുടെ പതാകകളും ജേഴ്സികളും ധരിച്ച് നൂറുകണക്കിന് വിദ്യാര്‍ഥികള്‍ ജാഥയില്‍ അണിനിരക്കും.
കോളജ് സ്റ്റാഫ് അംഗങ്ങള്‍ വിദ്യാര്‍ഥി പ്രതിനിധികള്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കും. ഫുട്ബോള്‍ പ്രേമികള്‍ക്കും പ്രദേശവാസികള്‍ക്കും ജാഥയില്‍ പങ്കുചേരാനും ലോകകപ്പ് ആഘോഷത്തിന്റെ ഭാഗമാകാനും അവസരമുണ്ട് . എട്ടടി ഉയരത്തില്‍ വലിയ ട്രോഫിയും ഇതിനായി കോളജ് യൂണിയന് മുന്‍ ചെയര്മാന് ടി.ജെ ശ്രാവണ്‍ ചന്ദ്രന്റെ നേതൃത്വത്തില്‍ തയാറാക്കിയിട്ടുണ്ട്. ഫുട്ബോളിന്റെ സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്ന ഈ വിളംബര ജാഥ രാമപുരത്തും പരിസര പ്രദേശങ്ങളിലും ലോകകപ്പ് ആവേശത്തിന് തുടക്കമാകുമെന്ന് സംഘാടകര്‍ അറിയിച്ചു.
കോളജ് മാനേജര്‍ ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം ജാഥ ഫ്ളാഗ് ഓഫ് ചെയ്യും. പ്രിന്‍സിപ്പല്‍ ഡോ. റെജി വര്‍ഗീസ് മേക്കാടന്‍ സന്ദേശം നല്‍കും. ഗവണ്മെന്റ് ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്, രാമപുരം പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ശാന്താറാം എന്നിവര്‍ വിശിഷ്ടാതിഥികളാവും.